മുന്നാ ഭായിയെ സി ബി ഐ മുംബൈയിലേക്ക് കൊണ്ടുപോയി

Posted on: August 30, 2013 11:25 pm | Last updated: August 31, 2013 at 12:48 am
SHARE

munna-bhay-kannur-arrestകണ്ണൂര്‍: ഒളിവില്‍ കഴിയവെ കണ്ണൂരില്‍ പിടിയിലായ മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ മഹാരാഷ്ട്ര സ്വദേശി മുന്നാ ഭായിയെ (49) സി ബി ഐ കസ്റ്റഡിയില്‍ വാങ്ങി മുംബൈയിലേക്ക് കൊണ്ടുപോയി.
മുംബൈ യൂനിറ്റിലെ സി ബി ഐ ഇന്‍സ്‌പെക്ടര്‍ സാവന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുന്നാഭായിയുമായി കണ്ണൂരില്‍ നിന്ന് തിരിച്ചത്. വ്യാഴാഴ്ച തന്നെ സി ബി ഐ സംഘം കണ്ണൂരിലെത്തിയിരുന്നു. സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുന്നാ ഭായിയെ ടൗണ്‍ പോലീസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി സി ബി ഐക്ക് കൈമാറുകയായിരുന്നു. മുന്നാ ഭായിയെ ടൗണ്‍ സ്റ്റേഷനില്‍ കൊണ്ടുവരുന്നതറിഞ്ഞ് അത്താഴക്കുന്ന് സ്വദേശിനിയായ ഭാര്യയും മക്കളും ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. മുംബൈയില്‍ വെച്ച് മുന്നാ ഭായിയുമായി പരിചയമുണ്ടായിരുന്ന അത്താഴക്കുന്ന് സ്വദേശി അജീമിനൊപ്പമാണ് ഇവരെത്തിയത്. അജീം മുംബൈയിലെ ഒരു പള്ളിയിലെ ജീവനക്കാരനാണ്. സ്റ്റേഷനിലെത്തിയ അജീമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മുംബൈയില്‍ ബിസിനസുകാരനാണെന്നാണ് ഇയാള്‍ നേരത്തെ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാളാണ് അത്താഴക്കുന്നിലെ യുവതിയുമായുള്ള വിവാഹത്തിന് മുന്നാ ഭായിക്ക് അവസരമൊരുക്കിയതെന്ന് അറിയുന്നു. അത്താഴക്കുന്നിലെ ഭാര്യവീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മുന്നാ ഭായിയുടെ വിവാഹ ആല്‍ബത്തിലുള്ളവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കണ്ണൂര്‍ പോലീസിന്റെ പ്രത്യേക വാഹനത്തില്‍ മംഗലാപുരം വരെയും പിന്നീട് ട്രെയിനിലുമായാണ് മുന്നാ ഭായിയെ മുംബൈയിലേക്ക് കൊണ്ടുപോകുന്നത്.
അധോലോകവുമായി ബന്ധമുള്ള മുന്നാഭായിയെ യാത്രക്കിടെ സംഘാംഗങ്ങള്‍ മോചിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സായുധ പോലീസുകാരുടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗലാപുരം മുതല്‍ മുംബൈ വരെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ സി ബി ഐയും മുംബൈ പോലീസും ചേര്‍ന്ന് സംയുക്തമായാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ മുംബൈയിലെ എട്ട് കൊലക്കേസുകളിലും മുന്നാഭായ് പ്രതിയാണെന്ന് സി ബി ഐ സംഘം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അത്താഴക്കുന്നിലെ ഭാര്യവീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.