ഭക്ഷ്യസുരക്ഷാ നിയമം: കേരളത്തെ രക്ഷിക്കാന്‍ പുതിയ സ്റ്റാറ്റിയൂട്ടറി കരാര്‍ വേണം – പിണറായി

Posted on: August 30, 2013 11:23 pm | Last updated: August 31, 2013 at 12:48 am
SHARE

താനൂര്‍: ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആഘാതത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ പുതിയ സ്റ്റാറ്റിയൂട്ടറി കരാറിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഇതിനുള്ള ഒരു നീക്കവും നടത്താത്ത സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. ഭക്ഷ്യസുരക്ഷക്ക് അര്‍ഹതയുള്ളവരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാ നിയമമല്ല കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതെന്നതിനാല്‍ സ്റ്റാറ്റിയുട്ടറി റേഷന്‍ സമ്പ്രദായം നിലനിന്ന കേരളത്തിലെ പകുതി പേര്‍ക്കും റേഷന്‍ നിഷേധിക്കാന്‍ അത് ഇടയാക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനക്ഷേമത്തിന്റെ പേര് പറഞ്ഞ് പുതിയ ഭക്ഷ്യ നിയമം നടപ്പാക്കുമ്പോള്‍, ബില്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ക്ഷേമം ലഭിച്ചുവരുന്ന സംസ്ഥാനങ്ങളിലെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് തടയാനുള്ള ബാധ്യത സംരക്ഷിക്കുന്നതില്‍ കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസ് പൂര്‍ണമായി പരാജയപ്പെട്ടു.
ഭക്ഷ്യക്കമ്മിയുള്ള കേരളം ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്നത് കേവലം 45 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യം മാത്രമാണെന്നിരിക്കെ, ഉപഭോക്തൃ സംസ്ഥാനമെന്ന പരിഗണനയും ലഭിക്കണം. കേരളത്തിന് ഇപ്പോള്‍ അനുവദിച്ച ഭക്ഷ്യവിഹിതം വഴി ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിക്കാര്‍ക്കും മാത്രമേ സൗജന്യ നിരക്കില്‍ റേഷന്‍ ലഭിക്കൂ. രണ്ട് രൂപാനിരക്കില്‍ ഇപ്പോള്‍ റേഷന്‍ ലഭിക്കുന്ന എ പി എല്‍ കാര്‍ഡ് ഉടമകളും സബ്‌സിഡിയില്ലാത്ത എ പി എല്‍കാരും പൂര്‍ണമായി തഴയപ്പെടും. എ പി എല്ലുകാര്‍ക്കും റേഷന്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്റെ സംരക്ഷണമില്ലാത്തതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാലിക്കപ്പെടാന്‍ സാധ്യതയില്ല.കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും മൂന്നോ നാലോ അംഗങ്ങളുള്ള അണുകുടുംബങ്ങളാണ്. ബി പി എല്‍ കുടുംബത്തിന് പ്രതിമാസം 35 കിലോ അരി ലഭിച്ചിരുന്നു. ഇത് ഒരു വ്യക്തിക്ക് അഞ്ച് കിലോയായി പുതിയ നിയമം പരിമിതപ്പെടുത്തിയതും കേരളത്തിന് തിരിച്ചടിയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.