സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കോഴിക്ക് നികുതി പൂര്‍ണമായും എടുത്ത് കളയണമെന്ന്

Posted on: August 30, 2013 11:19 pm | Last updated: August 31, 2013 at 12:49 am
SHARE

chickപാലക്കാട്: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കോഴിക്ക് നികുതി പൂര്‍ണമായും എടുത്ത് കളയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തറവിലയില്‍ വരുത്തിയ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷ വിറ്റു വരവിന്റെ നിലവിലുള്ള പരിധി പത്ത് ലക്ഷം രൂപയില്‍ നിന്നും 25 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച് കോഴി ക്കര്‍ഷകരെയും വ്യാപാരികളെയും രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോഴിവില നിശ്ചയിക്കുന്നത് അന്യ സംസ്ഥാന ലോബികളാണ്. തറ വില ഉയര്‍ത്തിയതിനെ തുടര്‍ന്ന് സമരത്തെക്കുറിച്ച് പല സംഘടനകളും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോഴിയുടെ വിലയുടെ പതിനാലര ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. നികുതി കുറക്കണമെന്ന അന്യ സംസ്ഥാന ലോബിയും ചില സംഘടനകളും ആവശ്യപ്പെട്ടു വരുന്ന സന്ദര്‍ഭത്തിലാണ് കോഴിയുടെ തറ വില എഴുപത് രൂപയില്‍ നിന്നും 95 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മറവില്‍ നികുതി കുറച്ച് അന്യ സംസ്ഥാന ലോബിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ കോഴി ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ നടത്തുന്ന സമരത്തിലൂടെ സര്‍ക്കാറിനും ഉപഭോക്താക്കള്‍ക്കും ഒരു ഗുണവും ലഭിക്കില്ല. സംസ്ഥാനത്തെ കോഴിക്കച്ചവടക്കാരെ രക്ഷിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.