മുന്നാഭായിയെ കസ്റ്റഡിയിലെടുക്കാന്‍ ഇന്ന് സി ബി ഐ കണ്ണൂരില്‍

Posted on: August 30, 2013 6:53 am | Last updated: August 30, 2013 at 3:53 pm
SHARE

കണ്ണൂര്‍: ഒളിവില്‍ കഴിയവെ കണ്ണൂരില്‍ പിടിയിലായ മുംബൈ സ്‌ഫോടന കേസിലെ പ്രതി മഹാരാഷ്ട്ര ജോഗേശ്വരിയില്‍ താമസക്കാരനായ മനോജ് പൗവ്വാരിലാല്‍ ഗുപ്തയെന്ന മുഹമ്മദലി എന്ന മുന്നാഭായി (49) യെ കസ്റ്റഡിയില്‍ വാങ്ങാന്‍ സി ബി ഐ മുംബൈ യൂനിറ്റിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിലെത്തും. അത്താഴക്കുന്നിലെ ഭാര്യാ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയില്‍ കണ്ണൂര്‍ സ്‌പെഷ്യല്‍  സബ് ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.
മുന്നാഭായ് മുംബൈയിലെ അധോലോക സംഘത്തിന്റെ വലങ്കയ്യയാണെന്ന് പോലീസ്  പറഞ്ഞു. 2009ല്‍ അത്താഴക്കുന്ന് സ്വദേശിനിയുമായി മുംബൈയില്‍ നടന്ന വിവാഹ സത്കാരത്തില്‍ പ്രമുഖ സിനിമാ താരങ്ങള്‍, ഗായകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായാണ് വിവരം. അത്താഴക്കുന്നിലെ ഭാര്യാവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത വിവാഹ സത്കാര ആല്‍ബത്തില്‍ ഇവരുടെയെല്ലാം പടങ്ങളുണ്ട്.  ആര്‍ഭാടമായ വിവാഹ സത്കാര ദൃശ്യങ്ങളാണ് ആല്‍ബത്തിലുള്ളത്. അധോലോക സംഘനേതാവും മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ ടൈഗര്‍ മേമന്റെ വലങ്കയ്യായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് മുന്നാഭായയിയെന്നും പറയുന്നു. ഇതുവഴി ഇയാള്‍ കോടികള്‍ സമ്പാദിച്ചതായും അറിയുന്നു.  1993ല്‍ നടന്ന മുംബൈ സ്‌ഫോടനത്തില്‍ 258 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 713 പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.