പി സി ജോര്‍ജ് പങ്കെടുക്കുന്ന ആദിവാസി സംഘടനാ പരിപാടിക്ക് പോലീസ് വിലക്ക്

Posted on: August 30, 2013 3:51 pm | Last updated: August 30, 2013 at 3:52 pm
SHARE

തൊടുപുഴ: ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യാതിഥിയായ പട്ടിക വര്‍ഗ ഊരാളി സമുദായ സംഘടനയുടെ പരിപാടിക്ക് പോലീസ് വിലക്ക്. പി സി ജോര്‍ജ് പങ്കെടുക്കുന്ന പരിപാടിയുടെ അനുമതിക്കായി എത്തിയ തന്നെ തൊടുപുഴ ഡി വൈ എസ് പി അധിക്ഷേപിച്ച് ഇറക്കിവിട്ടതായി ഊരാളി സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം സുകുമാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പരിപാടിക്ക് വേറെ ആളെ കിട്ടിയില്ലേടാ എന്നും ജോര്‍ജ് എന്താ ഊരാളിയാണോ എന്നും ഡി വൈഎസ് പി ചോദിച്ചതായും സുകുമാരന്‍ പറഞ്ഞു. ചീഫ് വിപ്പിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചാല്‍ സംഘടനാ നേതാക്കളെ കേസെടുത്ത് അകത്താക്കുമെന്ന് ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയതായും നേതാക്കള്‍ വെളിപ്പെടുത്തി.  ഇതേക്കുറിച്ച് ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അടുത്ത മാസം ഒന്നിന് സംഘടന തൊടുപുഴയില്‍ നടത്തുന്ന എസ് എസ് എല്‍ സി അവാര്‍ഡ് ദാനചടങ്ങിനെതിരെയാണ് പോലീസിന്റെ നടപടി. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. 21 ന് അയ്യങ്കാളി അനുസ്മരണത്തില്‍ പങ്കെടുക്കാനെത്തിയ പി സി ജോര്‍ജിന് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് പുതിയ വിവാദം. അന്ന് ജോര്‍ജിന് നേരെ ചീമുട്ടയെറിയുകയും വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു. തന്നെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ജോര്‍ജ് വെളിപ്പെടുത്തിയിരുന്നെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കാബിനറ്റ് റാങ്കുളള ചീഫ് വിപ്പ് പങ്കെടുക്കുന്ന പൊതുപരിപാടിക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് അതിന് വിലക്കേര്‍പ്പെടുത്തിയത് ഈ പദവിയോടുളള അവഹേളനം കൂടിയാണ്. ഇതിനെതിരെ സഹോദര സംഘടനകളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും

സംഘടനാ  നേതാക്കള്‍ പറഞ്ഞു.  നേതാക്കളായ ടി ആര്‍ രാധാമണി,  വി ജി രാജന്‍, കെ എം അശോക് കുമാര്‍, പിജി സുധാകരന്‍  പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍ ഒരാഴ്ച മുമ്പ് പി സി ജോര്‍ജിന്റെ പരിപാടിയില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ മറ്റൊരു സംഘര്‍ഷ സാധ്യത ഒഴിവാക്കിക്കൂടേ എന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് ഡി വൈ എസ് പി ആന്റണി തോമസ് വിശദീകരിച്ചു. സംഘടനാ നേതാക്കളെ അധിക്ഷേപിച്ചിട്ടില്ലെന്നും ഡി വൈ എസ് പി പറഞ്ഞു.