വിവാഹം നടത്തിയത് സര്‍ക്കാറിന്റെ സര്‍ക്കുലര്‍ പ്രകാരം: സിയസ്‌കോ

Posted on: August 30, 2013 1:35 am | Last updated: August 30, 2013 at 1:35 am
SHARE

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം 16 വയസ്സില്‍ നടത്താമെന്ന സര്‍ക്കാറിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തതെന്ന് സിയസ്‌കോ ജനറല്‍ സെക്രട്ടറി എം വി റംസി ഇസ്മാഈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരമാണ് അറബിയുമായി വിവാഹം നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തത്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ പല ഗൂഢ ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇരയായ കുട്ടിയെ ഉപയോഗപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. പെണ്‍കുട്ടി പ്ലസ് ടു പാസായപ്പോള്‍ ഇവരുടെ മാതാവ് തുടര്‍പഠനത്തിന് താത്പര്യമില്ലെന്ന് അറിയിച്ച് ജാസിം എന്ന യുവാവിന്റെ വിവാഹാലോചനയുമായി സിയസ്‌കോ ഗേള്‍സ് ഹോമിനെ സമീപിക്കുകയായിരുന്നു. ജനിച്ച് ഏഴ് വര്‍ഷത്തോളം കോഴിക്കോട്ട് താമസിച്ച ജാസിം മുഹമ്മദുമായുള്ള വിവാഹനിശ്ചയത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കല്ലാതെ യത്തീംഖാനക്ക് നേരിട്ട് പങ്കില്ല. മകളുടെ വിവാഹം നടത്താന്‍ മറ്റൊരിടമില്ലാത്തതിനാല്‍ യത്തീംഖാന സൗകര്യം ചെയ്തുതരണമെന്ന് മാതാവ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് കൂടി പരിഗണിച്ചാണ് തങ്ങള്‍ വിവാഹം നടത്തിക്കൊടുത്തത്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സാങ്കേതികത്വം അന്നേ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹത്തിന്റെ പൂര്‍ണ ചെലവ് വഹിച്ചത് വരന്റെ വീട്ടുകാരാണ്. കേരള ജംഇയ്യത്തുല്‍ ഉലമ മര്‍ക്കസുദഅ്‌വ പ്രതിനിധിയുടെ കാര്‍മ്മികത്വത്തിലാണ് നിക്കാഹ് നടത്തിയത്. ജൂണ്‍ 25 ന് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനുകള്‍ വിവാഹ രജിസ്‌ട്രേഷന് തടസ്സമാകുന്നുമില്ലെന്നാണ് ഇവരുടെ നിലപാട്.
1957 ലെ മുസ്‌ലിം വിവാഹ നിയമം, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം എന്നിവയെ മറികടക്കുന്ന സര്‍ക്കുലറാണ് നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സ് ആക്കിയുള്ള നിയമം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്. പതിനെട്ട് തികയാത്ത കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. അഞ്ചര നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള സിയസ്‌കോയെ താറടിച്ച് കാണിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ വാര്‍ത്തകള്‍. ഇനി മുതല്‍ സിയസ്‌കോയുടെ അങ്കണത്തില്‍ വെച്ച് ഒരു വിവാഹവും നടക്കില്ലെന്നും യത്തീംഖാനയിലെ കുട്ടികള്‍ക്ക് വിവാഹസമയത്ത് നല്‍കുന്ന ധനസഹായം തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് ചെയര്‍മാന്‍ പി ടി അബ്ദുല്‍ഹമീദ്, ജോയിന്റ് സെക്രട്ടറി കെ വി അബ്ദുല്‍ സലാം, പ്രസിഡന്റ് എം അബ്ദുള്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.