അറബി കല്യാണം; സിയെസ്‌കോ യത്തീംഖാനയില്‍ തെളിവെടുപ്പ് നടത്തി

Posted on: August 30, 2013 1:34 am | Last updated: August 30, 2013 at 1:34 am
SHARE

കോഴിക്കോട്: അറബി കല്യാണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സി ഐ. ടി കെ അശ്‌റഫ് സിയെസ്‌കോ യത്തീംഖാനയില്‍ തെളിവെടുപ്പ് നടത്തി.
യത്തീംഖാനയുടെ പ്രധാന ഭാരവാഹികളൊന്നും ഓഫിസില്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ വിവാഹം കഴിച്ച യു എ ഇ പൗരന്റെ മാതാവ് സുലൈഖയുടെ അയല്‍വാസികളെയും പോലീസ് ചോദ്യം ചെയ്തു. വിവാഹവുമായി നേരിട്ട് ബന്ധമുളളവരെയാണ് ഇനി അറസ്റ്റു ചെയ്യുകയെന്ന് ടൗണ്‍ സി ഐ. ടി കെ അശ്‌റഫ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോലീസ് പത്ത് പേരെയാണ് നേരത്തെ പ്രതി ചേര്‍ത്തത്. കല്യാണത്തിന് നിര്‍ബന്ധിപ്പിച്ച അറബിയുടെ മൂന്ന് ബന്ധുക്കളെക്കുറിച്ചും യത്തീംഖാനയിലെ നാല് പേര്‍ക്കെതിരെയുമാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇതിന് പുറമെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായി രംഗത്തെത്തിയവരെക്കുറിച്ചും സംഭവത്തില്‍ അവരുടെ ഇടപെടലിനെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച റിമാന്‍ഡിലായ അറബിയുടെ ഉമ്മ സുലൈഖ, അവരുടെ രണ്ടാം ഭര്‍ത്താവ് സി മുനീര്‍, സഹോദരീപുത്രന്‍ അബൂഷഹബാസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സി ഐ അശ്‌റഫിന് നല്‍കിയ മൊഴിയില്‍ വിവാഹസമയത്ത് ഇടപ്പെട്ട കൂടുതല്‍ ആളുകളുടെ പേരുകളും നല്‍കിയിരുന്നു. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയെ കോഴിക്കോട്ടെയും കുമരകത്തെയും റിസോട്ടുകളില്‍ എത്തിച്ച് വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഇവിടെ വെച്ച് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.