ജില്ലയില്‍ റമസാനില്‍ വിതരണം ചെയ്യേണ്ട പച്ചരി എത്തിയത് ഇന്നലെ

Posted on: August 30, 2013 1:20 am | Last updated: August 30, 2013 at 1:20 am
SHARE

കുറ്റിപ്പുറം: റമസാന്‍ കാലത്ത് ജില്ലയില്‍ വിതരണം ചെയ്യേണ്ടിയിരുന്ന പച്ചരി കുറ്റിപ്പുറം എഫ് സി ഐ ഗോഡൗണിലെത്തിയത് ഇന്നലെ രാവിലെ. തൃശൂര്‍ മുളങ്കുന്നത്തുകാവിലേയും കോഴിക്കോട് വെസ്റ്റ്ഹില്ലിലേയും ഗോഡൗണുകളില്‍ നിന്ന് ലോറി മാര്‍ഗം 1024 ചാക്ക് പച്ചരിയാണ് എത്തിച്ചത്. ഇതുതന്നെ രണ്ടുവര്‍ഷം പഴക്കമുള്ളതും ഉപയോഗശൂന്യമായതുമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
റമസാന് മുന്നോടിയായി തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളില്‍ വിതരണത്തിനായി കുറ്റിപ്പുറത്തേക്കയച്ച 16 വാഗണ്‍ പച്ചരി ജൂലായ് 15ന് വഴിമാറി തൃശൂരിലേക്കും പാലക്കാട്ടേക്കും കൊണ്ടുപോയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെതിരെ പൊതുജനങ്ങളും റേഷന്‍ ഡീലേഴ്‌സും വ്യാപകമായി പ്രതിഷേധമുയര്‍ത്തിയെങ്കിലും റമസാന്‍ കഴിയുംവരെ പച്ചരി എത്തിക്കാന്‍ എഫ് സി ഐ അധികൃതരോ, സിവില്‍ സപ്ലൈസ് വകുപ്പോ ഒരു നടപടിയുമെടുത്തില്ല. ഇതുസംബന്ധിച്ച പരാതികള്‍ ഉന്നയിച്ച റേഷന്‍ ഡീലേഴ്സ് ഭാരവാഹികളോട് ഓണത്തിന് ഇത്തരം അബദ്ധം പറ്റില്ലെന്നായിരുന്നു സിവില്‍ സപ്ലൈസ് അധികൃതരുടെ മറുപടി.
റമസാന് ലഭിക്കേണ്ട പച്ചരി വഴിമാറിപ്പോയത് അധികൃതരുടെ പിടിപ്പുകേടുകൊണ്ടാണെന്ന പരാതികള്‍ക്ക് പരിഹാരമായാണ് തൃശൂരില്‍ നിന്നും കോഴിക്കോട്ട് നിന്നും അധിക ബാധ്യത വരുത്തി ലോറിയില്‍ പച്ചരി കുറ്റിപ്പുറത്ത് ഇന്നലെ എത്തിച്ചത്. എഫ് സി ഐയുടെ ചരിത്രത്തിലാദ്യമായാണത്രെ ഒരു ഗോഡൗണില്‍ നിന്നും മറ്റൊരു ഗോഡൗണിലേക്ക് ലോറിയില്‍ അരിയെത്തിക്കുന്നത്. അതേസമയം ഓണക്കാലത്ത് ഏറെ ആവശ്യമുള്ള പുഴുക്കലരി ഉപയോഗിക്കേണ്ട അവശ്യസമയത്താണ് ഇപ്പോള്‍ പച്ചരി എത്തിച്ചിരിക്കുന്നത്. ഇനി ഓണത്തിന് മുമ്പ് 15 ദിവസത്തിനകം പുഴുക്കലരി എത്തിക്കാന്‍ കഴിയുമോ എന്ന് ഉറപ്പ് നല്‍കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്കും കഴിയുന്നില്ല. ഈ വര്‍ഷം പൊതുമാര്‍ക്കറ്റില്‍ അരിക്ക് തീവിലയാകുമ്പോള്‍ ആശ്വാസം പകരാന്‍ ഭക്ഷ്യവകുപ്പിന് ഇത്തവണ സാധിക്കില്ലെന്ന് ഉറപ്പായമട്ടാണ്.
അതേസമയം, ഇന്നലെ എത്തിച്ച പച്ചരി രണ്ട് വര്‍ഷം പഴക്കമുള്ളതാണത്രേ. 2010-11 വര്‍ഷം മുതല്‍ തൃശൂര്‍, കോഴിക്കോട് ഗോഡൗണുകളില്‍ കെട്ടിക്കിടന്നിരുന്ന അരിയാണ് കുറ്റിപ്പുറത്തേക്കയച്ചതെന്നാണ് പരാതി. ഈ അരി വിതരണം ചെയ്യാന്‍ വേണ്ടി മാത്രം ലോറി വാടക ഇനത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതും വിവാദമായിട്ടുണ്ട്. അതേസമയം, ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഒഴിവാക്കാനും ഉപയോഗയോഗ്യമായവ ആവശ്യക്കാരുള്ളിടത്തേക്ക് മാറ്റാനും എഫ് സി ഐയുടെ ഡല്‍ഹിയിലെ ഉന്നതാധികാരികളില്‍ നിന്നുള്ള നിര്‍ദേശമാണ് പൊടുന്നനെയുള്ള ഈ നീക്കത്തിന് കാരണമെന്നും അറിവായിട്ടുണ്ട്. പൊടിയും മറ്റും കലര്‍ന്ന് രണ്ട് വര്‍ഷം പഴക്കമുള്ള ഈ പച്ചരി ഏറ്റെടുക്കാന്‍ റേഷന്‍ കടയുടമകള്‍ തയ്യാറായില്ലെങ്കില്‍ എഫ് സി ഐയുടെ ഈ നീക്കം പൊളിയും. എന്നാല്‍ എത്തിച്ചത് നല്ല അരിയാണെന്നും ഇത് പരിശോധി ച്ചിട്ടുണ്ടെന്നും എഫ് സി ഐ അധികൃതര്‍ പറഞ്ഞു.