ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കല്ലടി സ്‌കൂളിന് കിരീടം

Posted on: August 30, 2013 1:16 am | Last updated: August 30, 2013 at 1:16 am
SHARE

പാലക്കാട്: കല്ലടിയുടെ വിജയക്കുതിപ്പിന് മുന്നില്‍ പതിനാലാം തവണയും ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
പറളിയെയും മുണ്ടൂരിനെയും പിന്നിലാക്കി തുടര്‍ച്ചയായി പതിനാലാം തവണയാണ് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കിരീടം കരസ്ഥമാക്കിയത്.
457 പോയിന്റുകളാണ്മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ നേടിയത്. പറളി സ്‌കൂള്‍ 251 പോയിന്റുകളോടെ രണ്ടാം സ്ഥാനവും മുണ്ടൂര്‍ സ്‌കൂള്‍ 167 പോയിന്റുകളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പാലക്കാട് എച്ച് ആര്‍ അത്‌ലറ്റിക് അക്കാദമി 95 പോയിന്റും മാത്തൂര്‍ സി എസ് വി എച്ച് എസ് എസ് 63 പോയിന്റും ഒളിമ്പിക് അത്‌ലറ്റിക് ക്ലബ് 60 പോയിന്റും നേടി.
ബുധനാഴ്ച മുട്ടിക്കുളങ്ങര കെ എ പി ക്യാമ്പില്‍ തുടങ്ങിയ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം തന്നെ കല്ലടി സ്‌കൂള്‍ ഏറെ മുന്നിലെത്തിയിരുന്നു.
ഒന്നാം നാളില്‍ 82 മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 181 പോയിന്റുകളോടെയാണ് കല്ലടി സ്‌കൂള്‍ ചാമ്പ്യന്‍പട്ടത്തിലേക്ക് കാലെടുത്തു വെച്ചത്.
രണ്ടാമതെത്തിയ പറളി സ്‌കൂളാവട്ടെ ആദ്യദിനം കരസ്ഥമാക്കിയത് 80 പോയിന്റുകള്‍ മാത്രം.മേള അവസാനദിവസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ കിരീടം ഉറപ്പിച്ച മട്ടിലായിരുന്നു കല്ലടിയുടെ താരങ്ങള്‍.
ട്രാക്കിലും ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് എതിരാളികളെ ഏറെ പിറകിലാക്കി കല്ലടിയുടെ കുതിച്ചുചാട്ടം. ഹര്‍ഡ്‌സില്‍സ്, പോള്‍വാള്‍ട്ട്, ഹൈജംപ്, റിലേ എന്നീയിനങ്ങളിലെല്ലാം കല്ലടിയുടെ ചുണക്കുട്ടികള്‍ ഒന്നിനൊന്ന് മികവുറ്റ പ്രകടനങ്ങളാണ് നടത്തിയത്. ഭവിത, അബ്ദുള്‍ അബൂബക്കര്‍, രംഗാപൂജ, അക്ഷയ സൂസന്‍ തോമസ്, ഉനൈബ് തുടങ്ങി എണ്ണിയാലും തീരാത്ത കായികപ്രതിഭകളുടെ മികവിലായിരുന്നു കല്ലടിയുടെ പതിനാലാമത്തെ കിരീടം.
പരിശീലകരായ ജാഫര്‍ ബാബു, രാജേഷ്, രാമചന്ദ്രന്‍ എന്നിവരുടെ ശിക്ഷണത്തില്‍ ഇറങ്ങിയ കല്ലടിയുടെ വീറുറ്റ പ്രതിഭകള്‍ ഇത്തവണയും കിരീടം ആര്‍ക്കും അടിയറവ് വെയ്ക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.