ഷെയര്‍ മാര്‍ക്കറ്റിനെതിരെ വ്യാപാരികള്‍ പോരാടും: ടി നസുറുദ്ദീന്‍

Posted on: August 30, 2013 1:11 am | Last updated: August 30, 2013 at 1:11 am
SHARE

കല്‍പറ്റ: വ്യാപാര മേഖലയെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന വിവിധ സര്‍ക്കാറുകളുടെ നിലപാട് രാഷ്ട്രീയമായി നേരിടാന്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയെ വോട്ട് ബേങ്കായി മാറ്റുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പ്രസ്താവിച്ചു.
നവംബര്‍ ഒന്ന് മുതല്‍ 30 വരെ സംസ്ഥാനത്തെ അയ്യായിരത്തോളം യൂനിറ്റുകളില്‍ വ്യാപാരി കുടുംബങ്ങളെ വോട്ടേഴ്‌സ് ലിസ്റ്റില്‍പ്പെടുത്താന്‍ ക്യാമ്പയിന്‍ നടത്തും.
ഏകോപനസമിതിയിലെ 95 ശതമാനം പേരും സജീവ രാഷ്ട്രീയക്കാരല്ല. കൈനാട്ടിയില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെയര്‍മാര്‍ക്കറ്റിനെതിരെയും സംഘടന ആഞ്ഞടിക്കും. ഊഹക്കച്ചവടം ശരിയായ വ്യാപാരമല്ല. ഇല്ലാത്ത സാധനത്തിനാണ് കച്ചവടം നടക്കുന്നത്. വന്‍കിട കോടീശ്വരന്മാര്‍ക്ക് പണം കുമിഞ്ഞു കൂട്ടാന്‍ വേണ്ടിയാണ് ഊഹക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നത്. രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും വ്യാപാര പ്രതിനിധികളില്ല. സാമ്പത്തിക വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്ന ഒരു കച്ചവട പ്രതിനിധിയെ ഏകോപന സമിതിയില്‍ നിന്നും നേമിനേറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിലക്കയറ്റം സര്‍വ്വ മേഖലകളിലും എത്തിയിരിക്കുകയാണ്. ബാങ്ക് പലിശ, വൈദ്യുതി ചാര്‍ജ്, നികുതികള്‍ തുടങ്ങിയ എല്ലാ മേഖലകളിലും സര്‍ക്കാര്‍ വര്‍ധനവ് വരുത്തിക്കൊണ്ടിക്കുകയാണ്. വിലക്കയറ്റ വിരുദ്ധ സമരങ്ങളില്‍ ഏകോപനസമിതി മുന്നിലുണ്ടാകും. നികുതി ഘടനയാണ് വിലക്കയറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം കൊണ്ട് വ്യാപാരികള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. കേരളത്തിലെ കോഴി കര്‍ഷകര്‍ക്ക് അന്യ സംസ്ഥാന ലോബികളോട് മത്സരിക്കാന്‍ കഴിയില്ല. രാജ്യത്തെവിടെയും കോഴിക്ക് നികുതിയില്ല. കേരളത്തില്‍ വിലക്കയറ്റം ക്ഷണിച്ചു വരുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍, ട്രഷറര്‍ ഒ വി വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സേതുമാധവന്‍, ജില്ലാ ഭാരവാഹികളായ ഇ ടി ഹംസ, ഇ ടി ബാബു, ആതിരമത്തായി, കെ മുഹമ്മദ് ആഷിഖ്, ജോജിന്‍ ടി ജോയി, കെ ടി ഇസ്മാഈല്‍, കെ നൗഷാദ്, എം വി സുരേന്ദ്രന്‍, കെ പി മുഹമ്മദ്, അഷ്‌റഫ് വേങ്ങാട്ട്, മുജീബ് ചുണ്ടേല്‍, കെ എം എച്ച് മുഹമ്മദ്, സി വി വര്‍ഗീസ്, പി വി മഹേഷ്, ടി സി വര്‍ഗീസ്, വിജയകേശവന്‍ എന്നിവര്‍ പ്രസംഗിച്ചു. സി അബ്ദുല്‍ ഖാദിര്‍ സ്വാഗതവും കെ കുഞ്ഞിരായീന്‍ ഹാജി നന്ദിയും പറഞ്ഞു.