ഭൂമിയേറ്റെടുക്കല്‍ ബില്‍ ലോക്‌സഭ പാസാക്കി

Posted on: August 30, 2013 1:09 am | Last updated: August 30, 2013 at 11:05 am
SHARE

parliment of indiaന്യൂഡല്‍ഹി: കനത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഭൂമിയേറ്റെടുക്കല്‍ ബില്ല് ലോക്‌സഭ പാസ്സാക്കി. പത്തൊന്‍പതിനെതിരെ 216 വോട്ടുകള്‍ക്കാണ് ബില്ല് സഭ പാസ്സാക്കിയത്. ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും സമാജ്‌വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ പിന്തുണച്ചു. എന്നാല്‍ ഇടതുപക്ഷവും എ ഐ എ ഡി എം കെയും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശാണ് ഭൂമിയേറ്റെടുക്കല്‍, പുനരധിവാസ ബില്ല്- 2012 അവതരിപ്പിച്ചത്. രൂപയുടെ മൂല്യമിടിഞ്ഞതിനെതിരെയുണ്ടായ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലോക്‌സഭ 12.30ക്ക് ശേഷം ചേര്‍ന്നപ്പോഴായിരുന്നു ബില്‍ അവതരിപ്പിച്ചത്. സ്വകാര്യ പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിന് 80 ശതമാനം കര്‍ഷകരുടെയും പൊതു- സ്വകാര്യ പദ്ധതികള്‍ക്ക് 70 ശതമാനം കര്‍ഷകരുടെയും സമ്മതം ആവശ്യമാണെന്ന ഭാഗമാണ് ബില്ലിലെ ശ്രദ്ധേയമായ ഘടകം.
ബില്ലിലെ വിവിധ വകുപ്പുകളെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശമുന്നയിച്ചു. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം, അവരുടെ അവകാശം തുടങ്ങിയ വിഷയങ്ങളില്‍ എസ് പി, ബി എസ് പി, ബി ജെ പി, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചു. കര്‍ഷകര്‍ക്ക് യോജിച്ചതും മാന്യവുമായ നഷ്ടപരിഹാരം നല്‍കണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഭൂമിയേറ്റെടുക്കുന്നതിലൂടെ കര്‍ഷകരെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് എസ് പി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. ഭൂമിയില്ലാതെ കര്‍ഷകര്‍ എന്ത് ചെയ്യാനാണ്? കൃഷിക്ക് അനുയോജ്യവും ഫലഭൂയിഷ്ഠവുമായ ഭൂമി തന്നെ പലപ്പോഴും ഏറ്റെടുക്കാന്‍ നടപടിയെടുക്കുന്നത് എന്തുകൊണ്ടാണ്? പലപ്പോഴും ഏറ്റെടുത്ത ഭൂമിക്ക് കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കുന്നുമില്ലെന്ന് മുലായം സിംഗ് പറഞ്ഞു.
ഈ ബില്ല് പ്രകാരം ബലംപ്രയോഗിച്ചുള്ള ഭൂമിയേറ്റെടുക്കല്‍ തടയാന്‍ കഴിയില്ലെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് പറഞ്ഞു. ബി എസ് പിയുടെ സുരേന്ദ്ര സിംഗ് നഗര്‍, കോണ്‍ഗ്രസിന്റെ മീനാക്ഷി നടരാജന്‍, ജെ ഡി യുവിന്റെ രാജീവ് രഞ്ജന്‍ സിംഗ് ലല്ലന്‍, ഡി എം കെയുടെ ടി കെ എസ് ഇളങ്കോവന്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദോപാധ്യായ, സി പി എമ്മിന്റെ ബസുദേബ് ആചാര്യ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.