Connect with us

Kerala

എസ് വൈ എസ് എസ് റിസോഴ്‌സ് ക്യാമ്പ് സമാപിച്ചു

Published

|

Last Updated

കോഴിക്കോട്: ആധുനിക സമൂഹത്തില്‍ ഇസ്‌ലാമിക ദഅ്‌വത്ത് സാധ്യമാക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി, എസ്.വൈ.എസ് സംസ്ഥാന റിസോഴ്‌സ് ക്യാമ്പ് സമാപിച്ചു. സാമൂഹിക തിന്മകളും സാമ്പത്തിക ക്രമക്കേടുകളും സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുന്ന പുതിയ യുഗത്തില്‍ സമൂഹത്തിന് നന്മയുടെ വഴി കാണിക്കുന്നതിന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി രൂപം നല്‍കിയ കര്‍മ പദ്ധതി പുതിയ മാര്‍ഗങ്ങളിലൂടെ നടപ്പാക്കുന്നതിന് എസ് ആര്‍ ജി ക്യാമ്പ് പദ്ധതി തയ്യാറാക്കി.
നിഷ്‌കളങ്ക മനസ്സുകളെ യഥാര്‍ഥ വിശ്വാസ വഴിയില്‍ നിന്ന് തിരിച്ചു വിടാന്‍ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് മതനവീകരണവാദികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സമഗ്രമായ ക്യാമ്പയിന്‍ പ്രവര്‍ത്തനം ഇതിന്റെ ഭാഗമായി നടക്കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കുന്നതിന് സാന്ത്വനത്തിന്റെ ഭാഗമായി സ്ഥിരമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. രോഗപീഡകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിനും കൂട്ടിരിപ്പുകാരായി സേവനം ചെയ്യുന്നതിനും പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന് പ്രത്യേക പരിശീലന പാക്കേജിന് എസ് ആര്‍ ജി രൂപം നല്‍കി.
കാലത്ത് പത്ത് മണിക്ക് സമസ്ത സെന്ററില്‍ ചേര്‍ന്ന ക്യാമ്പ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി പി സെയ്തലവി മാസ്റ്റര്‍ ചെങ്ങര, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ : മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് സ്വാഗതവും മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ നന്ദിയും പറഞ്ഞു.

Latest