Connect with us

International

ആക്രമണത്തിന് തീരുമാനമെടുത്തിട്ടില്ല: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയക്കെതിരെ അമേരിക്ക നടപടിക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ അക്കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഒബാമ. സിറിയയെ ആക്രമിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ലെങ്കിലും രാസായുധം പ്രയോഗിച്ചതിനുള്ള അന്താരാഷ്ട്ര നടപടികള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അക്രമോത്സുകമായ പ്രതികരണത്തിന് തങ്ങള്‍ ഇപ്പോള്‍ തുനിയുന്നില്ല. ഒരു സന്ദേശം നല്‍കുക മാത്രമാണ് നല്‍കുന്നത്. രാസായുധ പ്രയോഗം യു എസിന്റെ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ വന്‍തോതില്‍ രാസായുധം പ്രയോഗിച്ചിട്ടുണ്ട്.
തങ്ങള്‍ എല്ലാ തെളിവുകളും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ചെയ്തത് പ്രതിപക്ഷമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ഒബാമ വ്യക്തമാക്കി. സിറിയന്‍ വിഷയത്തില്‍ യു എന്നില്‍ രാജ്യങ്ങള്‍ ചേരി തിരിഞ്ഞ് കലഹിച്ചതിന് ഉടനെയാണ് ഒബാമയുടെ പ്രതികരണം. സിറിയയിലെ സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കുന്നതിന് പ്രമേയം പാസാക്കാന്‍ യു എന്‍ രക്ഷാസമിതിയില്‍ ബ്രിട്ടന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, സിറിയയുടെ സഖ്യ രാഷ്ട്രമായ റഷ്യ ഇതിനെ എതിര്‍ത്തു.
അതേസമയം മെഡിറ്ററേനിയന്‍ കടലില്‍ നിലയുറപ്പിച്ച യു എസ് യുദ്ധക്കപ്പലുകള്‍ ഒബാമയുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്ന് പെന്റഗണെ ഉദ്ധരിച്ച് എന്‍ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധസന്നാഹങ്ങളാണ് മെഡിറ്റേറേനിയന്‍ കടലില്‍ ഒരുക്കിയിരിക്കുന്നത്. റഷ്യയും മെഡിറ്ററേനിയന്‍ കടലിലേക്ക് യുദ്ധക്കപ്പല്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം രാസായുധ പ്രയോഗത്തില്‍ സിറിയന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് യു എന്നിലെ സിറിയന്‍ അംബാസഡര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിറിയന്‍ സര്‍ക്കാര്‍ തീര്‍ത്തും നിരപരാധികളാണെന്ന് അംബാസഡര്‍ ബശര്‍ ജഅ്ഫരി പറഞ്ഞു. സിറിയന്‍ വിഷയത്തില്‍ നയതന്ത്ര തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യു എന്‍. അതേസമയം സിറിയന്‍ വിഷയത്തില്‍ ഫ്രാന്‍സ് നിലപാട് മയപ്പെടുത്തി. സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം തേടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ട് പറഞ്ഞു.
സിറിയന്‍ പ്രതിപക്ഷ നേതാവ് അഹ്മദ് അല്‍ ജര്‍ബയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ പരിഹാരം മാത്രമായിരിക്കണം ഉണ്ടാകേണ്ടത്. അന്താരാഷ്ട്ര സമൂഹം അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സിറിയന്‍ പ്രസിഡന്റ് അസദിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുമ്പാകെ വിചാരണ ചെയ്യണമെന്ന് ഫ്രഞ്ച് പ്രസിഡന്റിനോട് ആവശ്യപ്പെടുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഒരു പത്രത്തില്‍ വന്നതിന് തൊട്ട് പിന്നാലെയാണ് ഫ്രാന്‍കോയിസിന്റെ പ്രതികരണം.
അതേസമയം ഐക്യരാഷ്ട്രസഭയുടെ രാസായുധ പരിശോധക സംഘം ശനിയാഴ്ച സിറിയ വിടും. യു എന്നിന്റെ 20 അംഗ സംഘമാണ് സിറിയയിലുള്ളത്. ശനിയാഴ്ച രാവിലെ സംഘം സിറിയ വിടുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

Latest