Connect with us

Kerala

ഗള്‍ഫില്‍ പ്ലസ്ടു തുല്യതാ പരീക്ഷ പരിഗണനയില്‍: അബ്ദുര്‍റബ്ബ്

Published

|

Last Updated

തിരുവനന്തപുരം: ഗള്‍ഫില്‍ പ്ലസ്ടു തുല്യതാ പരീക്ഷ നടത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ്. കേരളത്തിലെ മുഴുവന്‍ താലൂക്ക് ഗവ.ആശുപത്രികളിലും വാട്ടര്‍ ഡിസ്‌പെന്‍സര്‍ സൗജന്യമായി സ്ഥാപിച്ചു നല്‍കുന്ന ദുബൈ കെ എം സി സിയുടെ “ഉറവ് കുടിനീര്‍” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ വിദേശത്ത് നടത്തുന്നുണ്ട്. ഇതെ മാതൃകയില്‍ പ്ലസ്ടു പരീക്ഷ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. പ്രവാസികള്‍ക്കായിയുള്ള നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ സി ജോസഫ് പറഞ്ഞു. സീസണ്‍ വേളയില്‍ യാത്ര നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ യാത്ര സൗകര്യം വേണമെന്ന പ്രവാസികളുടെ ആവശ്യം ന്യായമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ശ്രദ്ധപതിപ്പിക്കുമെന്നും കെ സി ജോസഫ് പറഞ്ഞു. സീസണ്‍ വേളകളില്‍ പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും ചടങ്ങിന് സ്വാഗതം പറഞ്ഞ ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്‌റാഹിം മുറിച്ചാണ്ടി പറഞ്ഞു.
താഴ്ന്ന വരുമാനക്കാരായ വിമാന യാത്രക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി പ്രത്യേക ഫണ്ട് രൂപവത്കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിന് േസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ ആവശ്യപ്പെട്ടു.