Connect with us

Editorial

സാമ്പത്തിക നയം പൊളിച്ചെഴുതണം

Published

|

Last Updated

രൂപയുടെ ചാഞ്ചാട്ടം തുടരുകയാണ്. ബുധനാഴ്ച ഡോളറിന് 68.8 എന്ന സ്ഥിതിയിലേക്ക് മൂക്കുകുത്തിയ രൂപ ഇന്നലെ നില അല്‍പ്പം മെച്ചപ്പെട്ട് 67.20ലേക്ക് തിരിച്ചുകയറിയെങ്കിലും അത് താത്കാലികം മാത്രമാണെന്നും ഒരാഴ്ചക്കകം 70 രൂപയിലേറെയായി മൂല്യം കുറയുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയെ രക്ഷിക്കാനായി കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും നടത്തുന്ന ശ്രമങ്ങളൊക്കെയും നിഷ്ഫലമാ ക്കിക്കൊണ്ടാണ് നാണ്യവിപണിയുടെ നീക്കം. ഡോളര്‍ വിറ്റഴിക്കുകയും വിപണിയില്‍ പണലഭ്യത ഉയര്‍ത്താന്‍ റിസര്‍വ് ബേങ്ക് നടപടികള്‍ സ്വീകരിക്കുകയും ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും വിപരീത ഫലമാണ് ഉളവാക്കിയത്. മെയ് മാസത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 52 വരുമായിരുന്നു. അത് കുറയാന്‍ തുടങ്ങിയപ്പോള്‍ ഭയപ്പെടാനില്ലെന്നും താമസിയാതെ തിരിച്ചുകയറുമെന്നും ആശ്വാസം കൊണ്ട് ധനമന്ത്രി ചിദംബരം വെറുതെയിരുന്നു. ഇന്നിപ്പോള്‍ രക്ഷയില്ലാതെ അദ്ദേഹം പത്തിന പരിപാടി പ്രഖ്യാപിച്ചിരിക്കയാണ്. ആ പ്രഖ്യാപനത്തിന് തൊട്ടു പിറകെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച രൂപക്ക് രേഖപ്പെടുത്തിയത്. പത്തിന പരിപാടി പ്രഖ്യാപനം അല്‍പ്പം നേരത്തെയായിരുന്നെങ്കില്‍ രൂപക്ക് ഇത്ര വലിയ ആഘാതം ഏല്‍ക്കേണ്ടിവരില്ലായിരുന്നെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിലക്കയറ്റമാണ് രൂപക്കനുഭവപ്പെടുന്ന മൂല്യത്തകര്‍ച്ചയുടെ പെട്ടെന്നുള്ള പ്രത്യാഘാതം. ഈയിടെയായി ഇന്ത്യന്‍ വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുകയും സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയുമാണ്. രൂപയുടെ മൂല്യത്തകര്‍ച്ചക്ക് മുമ്പില്‍ ഭരണാധികാരികള്‍ നിസ്സഹായരായി കൈമലര്‍ത്തവേ വിലക്കയറ്റവും ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധം ഇനിയും രൂക്ഷമാകും. സെപ്തംബര്‍ മുതല്‍ ഡീസല്‍ വില കൂട്ടാന്‍ തീരുമാനമായിക്കഴിഞ്ഞു. വിനിമയ നിരക്ക് ഒരു രൂപ ഇടിഞ്ഞാല്‍ എണ്ണക്കമ്പനികളുടെ അനുമാന നഷ്ടം ഒരു വര്‍ഷം 900 കോടി ഉയരുമെന്നാണ് അവരുടെ കണക്ക.് ഇതു നികത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിക്കഴിഞ്ഞതാണല്ലോ. ഒക്‌ടോബര്‍ മുതല്‍ ചരക്ക് കൂലി വര്‍ധിപ്പിക്കുമെന്ന് റെയില്‍വേയും പ്രഖ്യാപിച്ചിട്ടുണ്ട്. കടത്ത് കൂലിയും വാഹനക്കൂലിയും താമസിയാതെ ഉയരും.
ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള അമേരിക്കന്‍ കമ്പനികളുടെ പിന്‍മാറ്റവും സിറിയയിലെ പുതിയ സംഭവ വികാസങ്ങളുമൊക്കെയാണ് രൂപയുടെ വീഴ്ചക്ക് പ്രധാനമന്ത്രി പറയുന്ന കാരണങ്ങള്‍. ഇടക്കാലത്ത് ഡോളറിന് വിലയിടിഞ്ഞപ്പോള്‍ അമേരിക്കയിലെ കമ്പനികളുടെ രക്ഷക്കായി യു എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് മുഖേന ലഭിച്ച സാമ്പത്തിക സഹായം അവര്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലിറക്കിയിരുന്നു. വീഴ്ചയില്‍ നിന്ന് ഡോളര്‍ തിരിച്ചുകയറുകയും പഴയ പ്രതാപം വീണ്ടെടുക്കുകയും ചെയ്തതോടെ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങി നിക്ഷേപം സ്വന്തം രാജ്യത്തേക്ക് തന്നെ മാറ്റാന്‍ തുനിഞ്ഞത് സ്വാഭാവികം. ഈ വിടവ് നികത്താന്‍ ഇന്നിപ്പോള്‍ കൂടുതല്‍ ഡോളര്‍ നിക്ഷേപത്തിന് വഴികള്‍ തേടിക്കൊണ്ടിരിക്കയാണ് മന്‍മോഹന്‍ സര്‍ക്കാര്‍.
ഡോളറിനെ ചുറ്റിയാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ കറങ്ങുന്നതെന്നാണ് അതിന്റെ പ്രധാന ന്യൂനത. രൂപയുടെ മൂല്യം നിശ്ചയിക്കുന്നത് അമേരിക്കയാണ്. ഐ എം എഫിലും വേള്‍ഡ് ബേങ്കിലും, പിന്നീട് ഇന്ത്യന്‍ റിസര്‍വ് ബേങ്കിലും സേവനമനുഷ്ഠിച്ച മന്‍മോഹന്‍ സിംഗ് ധനകാര്യ വകുപ്പ് ഏറ്റെടുത്തതോടെയാണ് രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ ത്വരിതപ്പെട്ടതും ഡോളറിനെ ഉറ്റുനോക്കുന്ന പ്രവണത ശക്തമായതും.
ഡോളറിനെയും വിദേശ നിക്ഷേപങ്ങളെയും ആശ്രയിക്കുന്ന സാമ്പത്തിക നയം കൈയൊഴിച്ച് സമ്പദ്‌വ്യവസ്ഥ നമ്മുടെ ഉത്പാദനത്തെയും കരുതല്‍ ധനത്തെയും ആശ്രയിക്കുന്ന പരുവത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് ഇത്തരം പ്രതിസന്ധികളെ ഇനിയും അഭിമുഖീകരിക്കാതിരിക്കാനായി ചെയ്യേണ്ടത്. കയറ്റുമതി ഉത്പന്നങ്ങള്‍ പരമാവധി വര്‍ധിപ്പിച്ച് ഇറക്കുമതിയും കറന്റ് അക്കൗണ്ട് കമ്മിയും കുറച്ചുകൊണ്ടുവരണം. ലോകത്തെ ഒന്നാം കിട സാമ്പത്തിക ശക്തിയായി ജപ്പാന്‍ വളര്‍ന്നതും ചൈന മുന്‍നിരയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതും ഇത്തരം നടപടികളിലൂടെയാണ്. ഇതിനാവശ്യമായ മനുഷ്യ വിഭവശക്തിയും സാങ്കേതിക വിദഗ്ധരും ബൗദ്ധിക ശേഷിയും ഇന്ത്യക്കുണ്ട്. ഇവ പലപ്പോഴും പ്രയോജനപ്പെടുത്തുന്നത് മറ്റു രാജ്യങ്ങളാണെന്ന് മാത്രം. രാജ്യം ഇന്നും വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ തുടരുന്നത് നമ്മുടെ അമൂല്യമായ ഈ സ്വത്തുക്കള്‍ ഇവിടെ തന്നെ വിനിയോഗിക്കാനുള്ള ആസൂത്രിതവും ചിന്താപരവുമായ യത്‌നങ്ങള്‍ ഉണ്ടാകാത്തത് കൊണ്ടാണ്.

---- facebook comment plugin here -----

Latest