Connect with us

Malappuram

ആകാശിന്റെ യാത്രാ ചെലവ് സര്‍ക്കാര്‍ നല്‍കും

Published

|

Last Updated

* മന്ത്രി അലി ആകാശിനെ വീട്ടില്‍ സന്ദര്‍ശിച്ചു- വീട്ടിലേക്കുള്ള റോഡ് പണി കഴിപ്പിക്കാന്‍ തീരുമാനിച്ചു

വണ്ടൂര്‍:കുഞ്ഞന്‍മാരുടെ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ ആകാശ് എസ് മാധവനെ കാണാനും അഭിനന്ദിക്കാനും മന്ത്രി അലിയെത്തി.
അമേരിക്കയിലെ മിഷിഗണില്‍ നടന്ന കുഞ്ഞന്മാരുടെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡലുകള്‍ നേടി നാട്ടിലെത്തിയിട്ടും തങ്ങളെ ഒരു ജനപ്രതിനിധിപോലും പരിഗണിക്കാതിരുന്നത് സംബന്ധിച്ച് ഇന്നലെ സിറാജ്”വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട മന്ത്രി മഞ്ഞളാംകുഴി അലി മറ്റു തിരക്കുകള്‍ മാറ്റിവെച്ചാണ് ആകാശിനെ കാണാന്‍ മേലാറ്റൂരിലെത്തിയത്.തങ്ങളുടെ ജനപ്രതിനിധിയുടെ ഒരു ഫോണ്‍ വിളിയെത്തിയാല്‍ താനേറെ സന്തോഷിക്കുമെന്ന് കഴിഞ്ഞ ദിവസം ആകാശ് പറഞ്ഞിരുന്നു.എന്നാല്‍ മന്ത്രി തന്നെ നേരിട്ടെത്തിയതോടെ ആകാശിന് ആകാശത്തോളം സന്തോഷമായി.
വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ ഷോട്ട്പുട്ടില്‍ വെള്ളിയും ഡിസ്‌കസില്‍ വെങ്കലവും നേടിയാണ് ആകാശ് എന്ന ഓട്ടമൊബൈല്‍ എന്‍ജിനീയര്‍ ഇന്ത്യയുടെ മിന്നുംതാരമായത്.നേരത്തെ കുഞ്ഞന്മാരായി പരിഗണിച്ചിരുന്നവര്‍ ഇപ്പോള്‍ മെഡല്‍ നേടിയെത്തിയതോടെ വലിയ പരിഗണനയാണ് നല്‍കുന്നതെന്ന് ആകാശ് മന്ത്രിയോട് പങ്കുവെച്ചു.
ആകാശിന്റെ വീട്ടിലെത്തിയ മന്ത്രി യാത്രക്ക് ചെലവായ സംഖ്യ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.ഇതു സംബന്ധിച്ച ഫയലുകള്‍ തിങ്കളാഴ്ച മുതല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.കൂടാതെ ആകാശിന്റെ വീട്ടിലേക്കുള്ള റോഡ് നവീകരിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും ഇത് സര്‍ക്കാറിന്റെ സമ്മാനമായിരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.തന്റെ ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളുണ്ടായിരുന്നതിനാലാണ് ആകാശിനെ സന്ദര്‍ശിക്കാന്‍ വൈകിയതെന്ന് മഞ്ഞളാംകുഴി അലി സിറാജിനോട് പറഞ്ഞു.
മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരീം മാസ്റ്റര്‍,വൈസ് പ്രസിഡന്റ് സാറാമ്മ,വ്യാപാരി വ്യവസായി പ്രസിഡന്റ് മജീദ് എന്നിവരും മന്ത്രിയൊടൊപ്പമുണ്ടായിരുന്നു.