Connect with us

Sports

ഫുട്‌ബോള്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ധോണിയും ജോണും കൈകോര്‍ക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: ഐ പി എല്‍ മാതൃകയിലുള്ള ഫുട്‌ബോള്‍ ലീഗില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമും കൈകോര്‍ക്കുന്നു. ഷാരൂഖ് ഖാന് പിറകെ ജോണ്‍-ധോണി സഖ്യവും വരുന്നത് എഐഎഫ്എഫ്-ഐഎംജിറിലയന്‍സ് ഫുട്‌ബോള്‍ ലീഗിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നു.
ഫുട്‌ബോളില്‍ തത്പരനായ ജോണ്‍ ലീഗില്‍ നിക്ഷേപമിറക്കാന്‍ അതീവ താത്പര്യം കാണിക്കുന്നുവെന്ന് എ ഐ എഫ് എഫ് സ്രോതസുകള്‍ സൂചിപ്പിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബൈച്ചുംഗ് ബൂട്ടിയയുമായുള്ള സൗഹൃദമാണ് ജോണിനെ ഫുട്‌ബോളുമായി കൂടുതല്‍ അടുപ്പിക്കുന്നത്.
ലീഗിന്റെ ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ ബൈച്ചുംഗിനൊപ്പം കഴിഞ്ഞ ദിവസം ജോണ്‍ ക്യാമ്പിലെത്തിയിരുന്നു. ഫിറ്റ്‌നെസും ബൈക് റൈഡും ഫുട്‌ബോളും തന്റെ ഡി എന്‍ എയില്‍ അടങ്ങിയിരിക്കുന്നുവെന്ന് പറയുന്ന ജോണ്‍ ആണ് ധോണിയെ ഫുട്‌ബോള്‍ ലീഗിലേക്ക് ആകര്‍ഷിച്ചത്. ജോണിനൊപ്പം നിക്ഷേപത്തിന് ധോണിക്കും താത്പര്യം.
ഇരുവരും ചേര്‍ന്നാണ് ലീഗിന്റെ പ്രചാരണത്തിനുള്ള ടിവി പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എട്ട് നഗരങ്ങള്‍ക്കാണ് ഫ്രാഞ്ചൈസി നല്‍കുക. 2014 ജനുവരി പതിനെട്ട് മുതല്‍ മാര്‍ച്ച് മുപ്പത് വരെയാണ് ലീഗ്. സെപ്തംബറില്‍ ഫ്രാഞ്ചൈസി ലേലം നടക്കും. ഓരോ ടീമിലും 22 താരങ്ങളുണ്ടാകും. പത്ത് വിദേശ താരങ്ങളും ഓരോ ടീമിലും അണിനിരക്കും. ഒരു ഐക്കണ്‍ താരവുമുണ്ടാകും.
എട്ട് പ്രാദേശിക താരങ്ങളും നാല് ഇന്ത്യന്‍ താരങ്ങളും ഓരോ ടീമിനും നിര്‍ബന്ധമാണ്. കേരളത്തില്‍ നിന്നും ടീമുണ്ടാകും.