സുരേഷ് ഗോപിയുടെ കനിവില്‍ അഫ്‌സലിനും അങ്കിതക്കും ഗൃഹപ്രവേശം

Posted on: August 29, 2013 8:30 am | Last updated: August 29, 2013 at 8:45 am
SHARE

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായി ജീവിതത്തോടും മരണത്തോടും മല്ലടിക്കുന്ന പതിനൊന്ന് വയസ്സുകാരന്‍ അഫ്‌സലിന് ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ കനിവില്‍ വീടൊരുങ്ങി.

നീലേശ്വരത്തെ തൈക്കടപ്പുറം കടിഞ്ഞിമൂലയില്‍ വാടക വീട്ടില്‍ ഉമ്മ മിസ്‌രിയയോടൊപ്പം കഴിയുകയായിരുന്ന അഫ്‌സലിന്റെ ദയനീയാവസ്ഥ പടന്നക്കാട് നെഹ്‌റു കോളജ് സാഹിത്യവേദിയെ നയിക്കുന്ന അംബികാസുതന്‍ മാങ്ങാടാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സാഹിത്യവേദി മുന്‍കൈയെടുത്ത് നേരത്തെ മറ്റൊരു എന്‍ഡോസള്‍ഫാന്‍ ഇരക്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനച്ചടങ്ങിനെത്തിയ സുരേഷ് ഗോപി, കടിഞ്ഞിമൂലയിലെ വാടകവീട്ടിലുള്ള ഇടുങ്ങിയ മുറിയില്‍ ശരീരത്തേക്കാള്‍ വലിയ തലയുമായി ചലനമറ്റ് കിടക്കുന്ന അഫ്‌സലിനെക്കുറിച്ച് അറിയുകയും ഈ കുട്ടിക്ക് വീട് നിര്‍മിച്ചുനല്‍കുന്ന കാര്യം പ്രഖ്യാപിക്കുകയുമായിരുന്നു. തന്റെ ധനസഹായത്തോടെ സാഹിത്യവേദി നിര്‍മിച്ച മൂന്നാമത്തെ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കാനാണ് ഇന്നലെ സുരേഷ് ഗോപി കടിഞ്ഞിമൂലയിലെത്തിയത്. സുരേഷ് ഗോപി എത്തുന്ന വിവരമറിഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കാന്‍ അഫ്‌സല്‍ പുതുവസ്ത്രമണിഞ്ഞ് അതിരാവിലെത്തന്നെ ഒരുങ്ങിയിരുന്നു. കുട്ടിയെ എടുത്ത് മാതാവ് മിസ്‌രിയയോടൊപ്പം സുരേഷ്‌ഗോപി വലതുകാല്‍വെച്ച് പുതിയ വീട്ടിലേക്ക് കയറി. ഡെല്‍മിയ എന്ന് നാമകരണം ചെയ്ത പുതിയ വീട്ടില്‍ അഫ്‌സലിനുവേണ്ടി കട്ടിലും ബ്ലാങ്കറ്റും നേരത്തെ തന്നെ തയാറാക്കിവെച്ചിരുന്നു. അഫ്‌സലിനോട് സുരേഷ് ഗോപി കുസൃതിച്ചോദ്യങ്ങള്‍ ചോദിച്ചു. മറുപടി പറയണമെങ്കില്‍ തനിക്ക് മൈക്ക് വേണമെന്ന് അഫ്‌സല്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ക്ക് കൗതുകം. ചോദ്യങ്ങള്‍ക്കൊക്കെ കൃത്യമായി ഉത്തരം നല്‍കി.വീട് നിര്‍മിച്ചുനല്‍കിയ സുരേഷ് ഗോപിക്ക് തന്റെ വകയായി ഒരു വാച്ച് സമ്മാനമുണ്ടെന്ന് അഫ്‌സല്‍ പറഞ്ഞപ്പോള്‍ താരത്തിന്റെ കണ്ണ് നിറഞ്ഞു. ഇത് സ്‌നേഹപൂര്‍വം നിരസിച്ച നടന്‍, തന്റെ വകയായി മറ്റൊരു സമ്മാനമുണ്ടെന്നും അതിപ്പോള്‍ പറയാതെ സസ്‌പെന്‍സില്‍ വെച്ചിരിക്കുകയാണെന്നും പറഞ്ഞു. ചെറുവത്തൂര്‍ മയ്യിച്ചയിലെ അങ്കിതക്കും സുരേഷ് ഗോപിയുടെ വകയായുള്ള വീട് ഇന്നലെ കൈമാറി.