പണം തിരിച്ചു നല്‍കാമെന്ന് സരിതയും ബിജുവും

Posted on: August 29, 2013 8:37 am | Last updated: August 29, 2013 at 8:37 am
SHARE

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കണ്ണൂരിലെ കേസില്‍ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കസ്റ്റഡിയിലായിരുന്ന ബിജു രാധാകൃഷ്ണനെയും സരിത എസ് നായരേയും വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇന്നലെ വൈകുന്നേരം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഇരുവരെയും ഹാജരാക്കിയത്. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത സരിതയെ വനിതാ ജയിലിലേക്കും ബിജുവിനെ ജില്ലാ സ്‌പെഷ്യല്‍ ജയിലിലേക്കും അയച്ചു.
പുറത്തിറങ്ങിയാല്‍ പണം തിരിച്ചുനല്‍കുമെന്ന് ഇരുവരും പരാതിക്കാരോട് പറഞ്ഞതായാണ് സൂചന. കണ്ണൂര്‍ ജയപ്രഭ നഗര്‍ ഹൗസിംഗ് കോളനിയിലെ റിട്ട. ഡി എം ഒ. പി കെ ജനാര്‍ദനന്‍ നായരുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരേയും കണ്ണൂരിലെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയത്. കാസര്‍കോട്ടെ കേസിലെ അന്വേഷണത്തിനായി ഇരുവരേയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടിനായി അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍ ഇന്ന് രാവിലെ ഹോസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ കേസില്‍ കൂടി മൊഴിയെടുക്കല്‍ കഴിഞ്ഞാല്‍ ഇരുവരുടെയും കൈയെഴുത്ത് പരിശോധന പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞു.
കേസില്‍ പ്രതിസ്ഥാനത്തുള്ള ഡ്രൈവര്‍ സന്തോഷ് സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി അന്വേഷണ സംഘത്തിന് ഇതുവരെ തെളിവ് ലഭിച്ചില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ തത്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. സന്തോഷിനെ കണ്ണൂരില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും പരാതിക്കാര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ കൈപ്പറ്റിയ പണത്തിന്റെ വിഹിതം സന്തോഷിന് ലഭിച്ചതായി പോലീസിന് തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.