വിദ്യാര്‍ഥികളങ്ങുന്ന നാലംഗ വാഹന മോഷണ സംഘം പിടിയില്‍

Posted on: August 29, 2013 8:34 am | Last updated: August 29, 2013 at 8:34 am
SHARE

ആലക്കോട്: കാര്‍ മോഷ്ടിച്ചു കടത്തവെ നടുവില്‍ ടൗണില്‍വച്ചു വിദ്യാര്‍ഥികളങ്ങുന്ന നാലംഗ വാഹന മോഷണ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പടിയൂര്‍ വട്ടപ്പാറ സ്വദേശി അഭിജിത്ത് ജയിംസ് (21), ഉളിക്കല്‍ അറബി സ്വദേശികളായ നിധീഷ് മോഹനന്‍ (20), നിധിന്‍ കുമാര്‍ (20), ഉളിക്കലിലെ ലിജോ ആന്റണി (20) എന്നിവരാണ് പിടിയിലായത്.
അഭിജിത്തും നിധീഷ് മോഹനും ബിരുദ വിദ്യാര്‍ഥികളാണ്. നിധിന്‍ കുമാര്‍ ജെ സി ബി ഡ്രൈവറും ലിജോ ലോറി ക്ലീനറുമാണ്. പെരുനിലം സ്വദേശി രമേശ്കുമാറിന്റെ കെ എല്‍ 59 ജി 8248 നമ്പര്‍ ആള്‍ട്ടോകാര്‍ മോഷ്ടിച്ചു കടത്തുമ്പോള്‍ ഇന്നലെ രാത്രി 11ഓടെയാണ് ഇവരെ കാര്‍ തടഞ്ഞു പിടികൂടിയത്. ലിജോയുടെ സഹോദരിയുടെ വീട് രമേശ്കുമാറിന്റെ വീടിനടുത്താണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടിന് തയ്യല്‍കാരിയായ രമേശന്റെ ഭാര്യ ദമയന്തിയുടെ അടുത്ത് ഷര്‍ട്ട് തയ്ക്കാനായി ചെന്ന ലിജോ സൂത്രത്തില്‍ കാറിന്റെ താക്കോല്‍ കൈക്കലാക്കിയിരുന്നു. കാറിന്റെ താക്കോല്‍ നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കാര്‍ മോഷ്ടിക്കപ്പെട്ടേക്കുമെന്നു സംശയച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാത്രി കരുതലോടെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കണ്ണൂര്‍ കക്കാട് സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനായ രമേശ് കുമാര്‍ ചൊവ്വാഴ്ച രാത്രി വീട്ടിലുണ്ടായിരുന്നില്ല. കവര്‍ച്ചാ സംഘം രാത്രി വീട്ടിലെത്തി വളര്‍ത്തു നായയ്ക്ക് അലുവ മയക്കുമരുന്നു കൊടുത്തു മയക്കിയ ശേഷം ഗേറ്റില്ലാത്ത മുറ്റത്തിട്ടിരുന്ന കാര്‍ മെല്ലെ തള്ളി റോഡിലിറക്കി കൊണ്ടുപോവുകയായിരുന്നു. അതിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന രമേശ് കുമാറിന്റെ മക്കളായ റിനില്‍ കുമാറും റിജില്‍ കുമാറും ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നു.
ആലക്കോടും കരുവഞ്ചാലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു തോരണം കെട്ടുകയായിരുന്നവരാണു കാര്‍ പോയ വഴി ഇവര്‍ക്കു പറഞ്ഞു കൊടുത്തത്. നടുവില്‍ ടൗണിലുള്ളവര്‍ക്കു ഇവര്‍ വിവരം നല്‍കുകയും ചെയ്തു. കാര്‍ നടുവില്‍ എത്തിയയുടന്‍ അവിടെ ഉണ്ടായിരുന്ന ബാലസഭ പ്രവര്‍ത്തകര്‍ മറ്റൊരു വാഹനം കുറുകെയിട്ടു കാര്‍ തടഞ്ഞു. ഇതിനിടെ രമേശ് കുമാറിന്റെ മക്കളും സ്ഥലത്തെത്തി. പ്രതികളെ ആലക്കോട് സി ഐ. എം എ മാത്യു, എസ് ഐ ശശികുമാര്‍ എന്നിവര്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്. മോഷ്ടിച്ച കാര്‍ ഉളിക്കലിലുള്ള ഒരു സംഘത്തിനു കൈമാറാനായിരുന്നു പ്രതികള്‍ തീരുമാനിച്ചിരുന്നതെന്നു മനസിലായിട്ടുണ്ട്. കാര്‍ എത്തിച്ചുകൊടുത്താല്‍ 40,000 രൂപയാണ് ഇവര്‍ക്കു വാഗ്ദാനം ചെയ്തിരുന്നതെന്നും അറിയുന്നു. ഇവര്‍ വേറെയും വാഹനം കവര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.