Connect with us

Palakkad

ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം

Published

|

Last Updated

പാലക്കാട്: മുട്ടിക്കുളങ്ങര കെ എ പി രണ്ടാം ബറ്റാലിയന്‍ മൈതാനത്ത് ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം. ഒന്നാംദിവസം അവസാനിക്കുമ്പോള്‍ 181 പോയിന്റുകളുമായി മണ്ണാര്‍ക്കാട് കല്ലടി സ്‌കൂളാണ് മുന്നില്‍.
80 പോയിന്റുകള്‍ കരസ്ഥമാക്കിയ പറളി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 82 മത്സരയിനങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ബാക്കിയുള്ള 100 ഇനങ്ങളില്‍ കൂടി മത്സരങ്ങള്‍ നടക്കും.
ഇന്ത്യന്‍ താരങ്ങളായ താര, രമേശ്വരി എന്നിവര്‍ ഇന്നലെ കളത്തിലറങ്ങി കാണികളെ ആവേശഭരിതരാക്കി. കായിക ലോകത്തിന്റെ ഭാവി വാഗ്ദാനങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും ഉള്‍പ്പടെ നിരവധി പേര്‍ മൈതാനത്തെത്തി.
കാലാവസ്ഥയുടെ ആനുകൂല്യം കായികതാരങ്ങള്‍ക്ക് ലഭിച്ചുവെന്നതാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിന്റെ സവിശേഷത. മുന്‍കാലങ്ങളിലെല്ലാം അസഹനീയമായ ചൂടിലും കടുത്ത പൊടിക്കാറ്റിലുമാണ് താരങ്ങള്‍ കളത്തിലിറങ്ങിയിരുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മീറ്റാണ് പാലക്കാട് ജില്ലയിലേതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി ഹരിദാസ് പറഞ്ഞു. ഇന്റര്‍നാഷണല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് നടന്ന മീറ്റ് ഇതുകൊണ്ടുതന്നെ മികച്ച നിലവാരം പുലര്‍ത്തിയെന്ന് കായികാധ്യാപകരും മറ്റും സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന 53-ാമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 182 ഓളം ഇനങ്ങളിലായി 650 കായിക പ്രതിഭകള്‍ മാറ്റുരക്കുന്നുണ്ട്.
എട്ട് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ദേശീയ-അന്തര്‍ദേശീയ താരങ്ങളും പങ്കെടുക്കുന്നുണ്ട്.ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ എ ഡി എം കെ ഗണേശന്‍ സമ്മാനദാനം നിര്‍വഹിക്കും.

 

Latest