പട്ടാമ്പിപ്പാലത്തിന്റെ സുരക്ഷക്ക് മുള കൊണ്ടുള്ള കൈവരി

Posted on: August 29, 2013 8:20 am | Last updated: August 29, 2013 at 8:20 am
SHARE

പട്ടാമ്പി: പട്ടാമ്പിപ്പാലത്തില്‍ സുരക്ഷക്ക് മുള കൊണ്ടുള്ള കൈവരി മാത്രം. ശോച്യാവസ്ഥയിലായ പഴയ പാലത്തിലൂടെ ജീവന്‍ പണയം വെച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് ജനങ്ങള്‍.

പാലത്തിനിരുവശവുമുള്ള ഇരുമ്പ് പൈപ്പ് പലയിടത്തും തകര്‍ന്നിരിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പലപ്പോഴായി പാലത്തിന് മുകളില്‍ നടന്ന അപകടങ്ങളില്‍ കൈവരിക്ക് പകരം മുള വെച്ച് കെട്ടിയാണ് യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കിയിട്ടുള്ളത്.
ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാന്‍ കഴിയില്ല. വീതി കുറഞ്ഞ പാലത്തിലൂടെ കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് നടക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, മിനിസിവില്‍ സ്റ്റേഷന്‍, സര്‍ക്കാര്‍ താലൂക്കാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ആളുകള്‍ എത്തുന്നത് പട്ടാമ്പി പാലം കടന്നാണ്. രാത്രി സമയത്ത് പാലത്തില്‍ വിളക്കുകള്‍ കത്തുന്നില്ല.
ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വിളക്കുകള്‍ ഭൂരിഭാഗവും കണ്‍ചിമ്മിയിട്ട് മാസങ്ങളായി.ഭാരതപ്പുഴക്ക് കുറുകെ പുതിയ ഹൈടെക് പാലം നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ എങ്ങുമെത്തിയില്ല. പുതിയ പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ്‌സ് വിഭാഗം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അധികൃതര്‍ പണിയില്‍ നിന്ന് പിന്‍വാങ്ങി. കെ എസ് ടി പിയുടെ നിലമ്പൂര്‍ -പെരുമ്പിലാവ് റോഡ് റബറൈസ്ഡ് പദ്ധതി പട്ടാമ്പിപ്പാലം ഉള്‍പ്പെട്ടതിനാലാണ് പൊതുമരാമത്ത് വകുപ്പ് പിന്‍വാങ്ങിയതെന്നറിയുന്നു. നിലവില്‍ പി ഡബ്ല്യൂ ഡി തയാറാക്കിയ പുതിയ പാലത്തിന്റെ പഠന രൂപ രേഖ കെ എസ് ടി പി സ്വീകരിച്ചാല്‍ പഠന നടപടി വീണ്ടും നടത്തുന്നത് ഒഴിവാക്കാമെന്ന് ബ്രിഡ്ജസ് വിഭാഗം അധികൃതര്‍ പറയുന്നു.
പുതിയ പാലത്തിന്റെ പുനരുദ്ധാരണവും നടത്താനാവാത്ത സ്ഥിതിയാണ്. പുഴനിറയുമ്പോള്‍ പാലത്തിന് മുകളിലൂടെ ഭയമില്ലാതെ സഞ്ചരിക്കാനാവില്ല. മഴക്കാലത്ത് അപകടങ്ങള്‍ പതിവാണ്. പുഴയിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായത് മാസങ്ങള്‍ക്ക് മുമ്പാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്കപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് തലനാരിഴക്കാണ് പുഴയില്‍ വീഴാതെ രക്ഷപ്പെട്ടത്.