ഓണപ്പരീക്ഷയും തുല്യതാ പരീക്ഷയും അധ്യാപകരെ ആശങ്കയിലാക്കുന്നു

Posted on: August 29, 2013 8:19 am | Last updated: August 29, 2013 at 8:19 am
SHARE

പട്ടാമ്പി: ഓണപ്പരീക്ഷയും തുല്യതാ പരീക്ഷയും ഒരുമിച്ച് വരുന്നത് അധ്യാപകരെ ആശയക്കുഴപ്പത്തിലാക്കുന്നു.
യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം നാലുമുതല്‍ 12 വരെയും എല്‍ പി വിദ്യാര്‍ഥികള്‍ക്ക് അഞ്ചു മുതല്‍ 12 വരെയുമാണ് ഓണപ്പരീക്ഷ. സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും ഇതേദിവസങ്ങളിലാണ്. ജില്ലയിലെ സ്‌കൂളുകളെല്ലാം തുല്യതാ പരീക്ഷാ കേന്ദ്രങ്ങളാണെന്നതാണ് അധ്യാപകര്‍ക്ക് വിനയാകുന്നത്. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് മുന്‍ വര്‍ഷങ്ങളില്‍ ഓണപ്പരീക്ഷ ക്രമീകരിച്ചിരുന്നത്.
ഒരു പരീക്ഷ നടത്തുകയാണെങ്കില്‍ മറ്റൊന്ന് ഒഴിവാക്കുകയോ മുന്‍വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി സമയം, ക്ലാസ് മുറികള്‍, പരീക്ഷ എഴുതുന്നവരുടെ എണ്ണം എന്നിവ പുനക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. എസ് എസ് എല്‍ സി പരീക്ഷയുടെ പ്രധാന്യത്തോടെ വേണം തുല്യതാ പരീക്ഷ നടത്താന്‍.
ജില്ലയില്‍ 35 പഠന കേന്ദ്രങ്ങളിലായി 3256 പഠിതാക്കളാണ് പത്താം തരം തുല്യതക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സ്‌കൂളുകളില്‍ ഒരേ സമയം രണ്ട് പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കേണ്ട ഗതികേടിലാണ് അധ്യാപകര്‍.