കോട്ടക്കടവ് വഴിയുള്ള പരപ്പനങ്ങാടി- കോഴിക്കോട് ബസുകള്‍ റൂട്ടുമാറി ഓടുന്നു

Posted on: August 29, 2013 6:14 am | Last updated: August 29, 2013 at 8:14 am
SHARE

വള്ളിക്കുന്ന്: പരപ്പനങ്ങാടിയില്‍ നിന്നും പുറപ്പെട്ട് കോട്ടകടവ് പാലം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴി പോകാനും പാളയം വഴി തിരിച്ചു വരുവാനും മാത്രം പെര്‍മിറ്റുള്ള പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന 14 ഹ്രസ്വദൂര ബസുകളും റൂട്ടുമാറി മീഞ്ചന്ത മിനി ബൈപാസ് വഴി ഓടുന്നതായി പരാതി.
ഇതുകാരണം കോഴിക്കോട്ടേക്കു പോകുമ്പോള്‍ മീഞ്ചന്ത ബൈപാസ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ വട്ടക്കിണര്‍, കണ്ണഞ്ചേരി, പന്നിയങ്കര, കല്ലായി റെയില്‍വേ സ്റ്റേഷന്‍, വട്ടംപൊയില്‍, പി വി എസ് ഹോസ്പിറ്റല്‍, കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍, സിറ്റി സ്റ്റാന്റ്, മാനാഞ്ചിറ, സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ്, സ്റ്റേഡിയം എന്നീ സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടവര്‍ക്കും അവിടെ നിന്നും കയറേണ്ടവരും ഇതിനാല്‍ ദുരിതത്തിലാകുകയാണ്.
വലിയങ്ങാടി, കോര്‍പ്പറേഷന്‍ ഓഫീസ്, ബീച്ച് ഹോസ്പിറ്റല്‍, കോട്ടപ്പറമ്പ് ഹോസ്പിറ്റല്‍, സിവില്‍ സ്റ്റേഷന്‍, എഞ്ചിനീയറിംഗ് കോളജ് എന്നിവടങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് സിറ്റിസ്റ്റാന്റ്, മാനഞ്ചിറ എന്നീ സ്റ്റോപ്പുകളില്‍ നേരിട്ട് വന്ന് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ വലിയ അസൗകര്യമാണ് യാത്രക്കാര്‍ നേരിടുന്നത്. എന്നാല്‍ മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ ഇറങ്ങിയാല്‍ ഇവിടങ്ങളിലേക്ക് നേരിട്ട് ബസും ലഭിക്കില്ല. അതിനു പകരം മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനില്‍ ഇറങ്ങിയാല്‍ വീണ്ടും സിറ്റി ബസില്‍ കയറി മാനഞ്ചിറ ഇറങ്ങി ലക്ഷ്യ സ്ഥാനത്തേക്കെത്താന്‍ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
അതുപോലെ തന്നെ തിരിച്ചുള്ള യാത്രക്കും പാളയം ജംഗ്ഷന്‍ കേന്ദ്രീകരിച്ച് കാത്തു നിന്നിരുന്നവര്‍ക്ക് ഓട്ടോപിടിച്ച് മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ എത്തണം. ഇത് യാത്രക്കാര്‍ക്ക് സമയ നഷ്ടവും അതിലുപരി സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായി പരാതിയുണ്ട്. കോഴിക്കോട് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കോഴിക്കോട് നടത്തിയ അദാലത്തില്‍ നേരില്‍ കണ്ട് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മീഷണര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നേരിട്ട് പോയി പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ ഈ ബസുകള്‍ ഉദ്യോഗസ്ഥരേയും നിയമങ്ങളേയും വെല്ലുവിളിച്ച് മീഞ്ചന്ത ബൈപാസ് വഴി തന്നെ ഓടികൊണ്ടിരിക്കുകയാണ്.