Connect with us

Malappuram

ജില്ലയിലെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം

Published

|

Last Updated

മലപ്പുറം: നാടും നഗരവും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ആറാടി. ശ്രീകൃഷ്ണാവതാരങ്ങളുടെ വിവിധ നിശ്ചല ദൃശ്യങ്ങളും കൃഷ്ണ – രാധാ വേഷം ധരിച്ച ഗോകുലാംഗങ്ങളും വീഥികള്‍ക്ക് പുളകച്ചാര്‍ത്തായി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭാ യാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രകളായപ്പോള്‍ വീഥികള്‍ ശ്രീകൃഷ്ണ ലീലകളാല്‍ നിറഞ്ഞൊഴുകി. ഇന്നലെ ഉച്ചമുതല്‍ തന്നെ ശോഭായാത്രകള്‍ക്ക് ആരംഭമായി. വൈകീട്ട് ആറുമണിയോടെ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ സമാപിച്ചു.
തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനങ്ങള്‍, പുരാണ പാരായണം, ഉറിയടി, പ്രസാദ വിതരണം എന്നിവ നടന്നു. ബാല ഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ മലപ്പുറം, തിരൂര്‍ സംഘ ജില്ലകളില്‍ ആയിരത്തോളം സ്ഥലങ്ങളില്‍ നൂറുകണക്കിന് പുരാണ വേഷധാരികളുടെ അകമ്പടിയോടെ ശോഭായാത്രകള്‍ നടന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രസാദ ഊട്ടും നടന്നു. കോട്ടക്കല്‍, മലപ്പുറം നഗരങ്ങളിലും ചട്ടിപ്പറമ്പ്, പറങ്കിമൂച്ചിക്കല്‍, ഊരകം, കോട്ടപ്പുറം, ചെറുകുന്ന്, ഇന്ത്യനൂര്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു. മലപ്പുറത്ത് ത്രിപുരാന്തക ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച മഹാശോഭായാത്ര മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു. കോട്ടക്കല്‍ പാണ്ഡമംഗലം, ചൂന്നൂര്‍, കോട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോട്ടക്കല്‍ കൈലാസ മന്ദിരത്തില്‍ എത്തി സമാപിച്ചു. പുതുപറമ്പ് വാളക്കുളം സുബ്രഹ്മണ്യ ഭജനമഠപരിസത്തുനിന്നാരംഭിച്ച ശോഭായാത്ര അമ്പലവട്ടം സുബ്രഹ്മണ്യക്ഷേത്രത്തില്‍ സമാപിച്ചു.

---- facebook comment plugin here -----

Latest