സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുപ്രീം കോടതിയിലേക്ക്

Posted on: August 29, 2013 8:08 am | Last updated: August 29, 2013 at 8:08 am
SHARE

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃത സ്വത്ത് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജി ഭവാനി സിംഗ് സുപ്രീം കോടതിയിലേക്ക്. ജയലളിത 66.65 കോടി കണക്കില്‍ പെടാത്ത പണം ശേഖരിച്ചുവെന്ന കേസില്‍ എസ് പി പി ആയിരുന്ന ഭവാനി സിംഗിനെ തത്സ്ഥാനത്ത് നിന്ന് നീക്കയതിനെ ചോദ്യം ചെയ്താണ് അദ്ദേഹം പരമോന്നത കോടതിയെ സമീപിക്കുന്നത്.

കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബംഗളൂരു പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍, തന്നെ പുറത്താക്കിയതിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു.
ഫെബ്രുവരി രണ്ടിനാണ് മുതിര്‍ന്ന അഭിഭാഷകനായ ജി ഭവാനി സിംഗിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കി തിങ്കളാഴ്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഈ നടപടിക്ക് കാരണമൊന്നും ഉത്തരവില്‍ പറയുന്നില്ല. ഭവാനി സിംഗിന്റെ നിയമനത്തിനെതിരെ ഡി എം കെ ജനറല്‍ സെക്രട്ടറി അന്‍പഴകന്‍ ഹൈക്കോടതിയെ സമീപിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ ഉത്തരവിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ഭവാനി സിംഗ് തികഞ്ഞ പരാജയമാണെന്ന് അന്‍പഴകന്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഭവാനി സിംഗിനെ മാറ്റിയത് തങ്ങളെ അറിയിക്കാതെയാണെന്നും ഹൈക്കോടതി ജഡ്ജി പോലും അറിഞ്ഞിട്ടില്ലെന്നും ജയലളിതയുടെ അഭിഭാഷകര്‍ കുറ്റപ്പെടുത്തി. 1991 മുതല്‍ 1996 വരെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജയലളിത 66.65 കോടി രൂപ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ചൊവ്വാഴ്ച കേസ് പരിഗണിച്ച ജഡ്ജി എം എസ് ബാലകൃഷ്ണ വാദം കേള്‍ക്കല്‍ സെപ്തംബര്‍ രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ എസ് പി പിയായി ഭവാനി സിംഗിന് തുടരാനാകാത്ത സാഹചര്യത്തിലാണ് ഇത്.