പെണ്‍കുട്ടികളെ കൊണ്ടുവന്നത് ഉത്തര്‍ പ്രദേശ് എം എല്‍ എ

Posted on: August 29, 2013 8:08 am | Last updated: August 29, 2013 at 8:08 am
SHARE

പനാജി: ഗോവയില്‍ ഡാന്‍സ് ബാറിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവന്നത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉത്തര്‍ പ്രദേശ് എം എല്‍ എ ആണെന്ന് പോലീസ്. മഹേന്ദ്ര സിംഗ് എം എല്‍ എക്കൊപ്പമാണ് പെണ്‍കുട്ടികള്‍ ഗോവയിലെത്തിയതെന്നും ഇവര്‍ ഒരു ഹോട്ടലില്‍ താമസിച്ചതായും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡാന്‍സ് ബാര്‍ റെയ്ഡ് നടത്തിയാണ് എം എല്‍ എ അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തത്. കൊലന്‍ഗുട്ടിലെ ഒരു ഹോട്ടലിലാണ് ഇവര്‍ താമസിച്ചതെന്ന് ഡി എസ് പി മഹേഷ് ഗാവോങ്കര്‍ പറഞ്ഞു. പനാജി നഗരത്തില്‍ കമ്പാലിലെ ഡാന്‍സ് ബാറില്‍ വെച്ചാണ് സമാജ്‌വാദി പാര്‍ട്ടിയുടെ മഹേന്ദ്രസിംഗി(55) നെ അറസ്റ്റ് ചെയ്തത്. അധാര്‍മിക മനുഷ്യക്കടത്ത് നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അടുത്ത മാസം രണ്ടാം തീയതി വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പഞ്ചാബ്, ഡല്‍ഹി, മുംബൈ, ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍.
റെയ്ഡ് നടക്കുമ്പോള്‍ ഡാന്‍സ് ബാറിലില്ലാത്ത എന്നാല്‍ ഹോട്ടലില്‍ താസിച്ച ചിലര്‍ മുങ്ങിയിട്ടുണ്ട്. എം എല്‍ എയെ അറസ്റ്റ് ചെയ്ത വിവരം യു പി നിയമസഭാ സ്പീക്കറെ അറിയിച്ചു. എം എല്‍ എയെ കൂടാതെ രണ്ട് പേര്‍ വീതം യു പി, നേപ്പാള്‍സ്വദേശികളും ഒരാള്‍ ഡാന്‍സ് ബാര്‍ നടത്തുന്ന ഗോവക്കാരനുമാണ്. അതേസമയം, റാക്കറ്റിന്റെ തലവനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും അന്വേഷണത്തലവനായ ഗവോങ്കര്‍ പറഞ്ഞു.