ബംഗളൂരുവില്‍ 31 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Posted on: August 29, 2013 8:07 am | Last updated: August 29, 2013 at 8:07 am
SHARE

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത 31 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ജനങ്ങളില്‍ ഭീതി പരത്തിയ മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്‌കോട്ട് താലൂക്കിലെ രാംപൂര്‍ ഗ്രാമക്കാരനായ ജനാര്‍ദനാചാരി എന്ന ബാബു എന്ന രവിയെയാണ് ഹൊസൂര്‍ ടൗണിലെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്.
ബംഗളൂരു, കോലാര്‍, ഹിന്ദ്പൂര്‍, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔരദ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിച്ച പെണ്‍കുട്ടികളെയാണ് രവി ലക്ഷ്യം വെച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ ഉറ്റ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയാണ് കുട്ടികളെ സമീപിക്കുക. സമ്മാനങ്ങളും വെച്ചുനീട്ടും. കുട്ടികളെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പിതാവിന്റെ പേരും വീട് എവിടെയാണെന്നും മനസ്സിലാക്കുന്നു. തുടര്‍ന്ന്, ഇവിടെ കൊള്ളക്കാരുണ്ടെന്ന് പറഞ്ഞ് വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കുട്ടിയില്‍ നിന്ന് ഊരിവാങ്ങുന്നു. തുടര്‍ന്ന് കുട്ടിയെ വീടിനടുത്ത് കൊണ്ടുപോയിവിട്ട് സ്ഥലം കാലിയാക്കലാണ് ഇയാളുടെ രീതി. ചില കുട്ടികളെ ഏതാനും ദിവസം ലോഡ്ജുകളില്‍ പാര്‍പ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തനിച്ച് പുറത്തേക്ക് വിടരുതെന്നും രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിന് പോലീസ് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.