അസാറാം ബാപ്പുവിനെതിരെ ലുക്കൗട്ട് നോട്ടീസ്

Posted on: August 29, 2013 8:15 am | Last updated: August 29, 2013 at 8:07 am
SHARE

ഇന്‍ഡോര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വിവാദ സന്ന്യാസി അസാറാം ബാപ്പു രാജ്യം വിടുന്നത് ഒഴിവാക്കാനായി ജോധ്പൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് വിധേയനാകണമെന്ന് കാണിച്ച് പോലീസ് അയച്ച സമന്‍സ് അസാറാം നേരിട്ട് കൈപ്പറ്റി.
ഏഴ് മണിക്കൂറിലേറെ കാത്തുനിന്നതിന് ശേഷമാണ് രണ്ട് രാജസ്ഥാന്‍ പോലീസുകാര്‍ക്ക് അസാറാമിന് സമന്‍സ് കൈമാറാനായത്. പോലീസിനോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ തനിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ലെന്ന് അസാറാം പറഞ്ഞു. സമന്‍സില്‍ ഉള്ളത് പ്രകാരം നാല് ദിവസത്തിനകം ജോധ്പൂര്‍ പോലീസ് മുമ്പാകെ ഹാജരാകാമെന്ന് അസാറാം സമ്മതിച്ചിട്ടുണ്ട്. ’30 ാം തീയതി വരെ തിരക്കു പിടിച്ച പരിപാടികളാണ്. ജോധ്പൂരില്‍ എങ്ങനെയെത്തുമെന്ന് അറിയില്ല. എന്റെ അനുയായികള്‍ ബുദ്ധിമുട്ടും.’ സൂറത്തിലേക്ക് പോകുംമുമ്പ് അസാറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ഇരയുടെ കൂട്ടുകാരിയാണെന്ന് കാണിച്ച് ഒരു പെണ്‍കുട്ടിയെ അസാറാം ഹാജരാക്കി. മാതാപിതാക്കളുടെ സമ്മര്‍ദം കാരണമാണ് ബാപ്പുവിനെതിരെ സംസാരിക്കുന്നതെന്ന് അവള്‍ തന്നോട് പറഞ്ഞതായി ഈ പെണ്‍കുട്ടി പറഞ്ഞു.