വനംവകുപ്പ് ഡിപ്പോയില്‍ നിന്നും തേക്ക് കടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: August 29, 2013 7:56 am | Last updated: August 29, 2013 at 7:56 am
SHARE

നിലമ്പൂര്‍: വനംവകുപ്പ് ഡിപ്പോയില്‍ നിന്നും തേക്ക് കടത്തി സ്വകാര്യമില്ലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേരി സ്വദേശി ഉച്ചപ്പള്ളി അലവിക്കുട്ടി, മമ്പാട് നാഗേരി ഷാജി, പൊക്കല്ലൂര്‍ ചെയ്യശ്ശേരി കുട്ടികാരി എന്നിവരെയാണ് നിലമ്പൂര്‍ എസ് ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മരം കടത്താനുപയോഗിച്ച ലോറി ഡ്രൈവര്‍ പൊയിലൂര്‍ ചീരാന്‍തൊടി തുഫൈല്‍, കണിയാംകുന്നില്‍ ഷിനാസ്, നസീബ്, ലോറി ഉടമ ഷിംജിത്ത് എന്നിവരെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മാസം ഒന്‍പതിനാണ് വനംവകുപ്പിന്റെ അരുവാക്കോട് ഡിപ്പോയില്‍ നിന്നും 50000 രൂപ വില വരുന്ന അഞ്ച് കഷ്ണം തേക്ക്തടികള്‍ മോഷണം പോയത്. പിറ്റേ ദിവസം നിലമ്പൂര്‍ വനം ഫഌയിംഗ് സ്‌ക്വാഡ് ഓഫീസില്‍ വനം വകുപ്പിന്റെ തേക്കുതടികള്‍ മഞ്ചേരി ആലുക്കലിലെ തടിമില്ലില്‍ സൂക്ഷിച്ചിരിക്കുന്നതായുള്ള അജ്ഞാതഫോണ്‍ സന്ദേശത്തിലൂടെയാണ് മോഷണം വനംവകുപ്പധികൃതര്‍ തന്നെ അറിയുന്നത്. തുടര്‍ന്ന് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ മില്ല് ഉടമ അറിയാതെയാണ് തേക്കുതടികള്‍ ഇറക്കിയതെന്ന് ബോധ്യമാവുകയായിരുന്നു. ഇതോടെ ഡിപ്പോ റൈഞ്ച് ഓഫീസര്‍ 19-ാം തിയതി പോലീസില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് സോമില്ല് ഉടമകളായ പത്തപ്പിലാക്കല്‍ കുടുംബാംഗങ്ങളുമായി കേസിലെ ഒന്നാം പ്രതിയായ അലവിക്കുട്ടിക്കുള്ള വിരോധമാണ് സംഭവത്തിനു പിന്നിലെന്ന് ബോധ്യമായത്.
മില്ലിനെതിരെ നിരന്തര പരാതികള്‍ നല്‍കിയ അലവിക്കുട്ടിക്കെതിരെ വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട വധശ്രമക്കേസടക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതെല്ലാം ഒത്തുതീര്‍ന്നത് അടുത്ത കാലത്താണ്. മില്ലുടമകളെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് തേക്കുമോഷണത്തില്‍ കലാശിച്ചത്. മില്ലില്‍ തേക്കുതടികള്‍ എത്തിക്കുന്നതിനായി നാഗേരി ഷാജിക്ക് 50000 രൂപക്കാണ് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും പോലീസ് പറഞ്ഞു. മോഷണത്തിനു പിറ്റേ ദിവസം ഫഌയിംഗ് സ്‌ക്വാഡ് ഓഫീസിലേക്ക് ഫോണ്‍ ചെയ്തതും അലവിക്കുട്ടിയാണെന്നും സൈബര്‍സെല്‍ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മില്ല് ഉടമകള്‍ക്കെതിരെ വനംവകുപ്പ് നടപടിയെടുക്കാത്തതിന്റെ പേരില്‍ സി സി എഫ് നടക്കം അലവിക്കുട്ടി പരാതിയും നല്‍കിയിരുന്നു. ഇയാളെയും ഷാജിയെയും നിലമ്പൂര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. കുട്ടികാരിയെ പൊയിലൂരിലെ വീട്ടില്‍ വെച്ചും പിടികൂടി. മരം കടത്താനുപയോഗിച്ച ടിപ്പര്‍ മണല്‍ കേസുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതര്‍ പിടികൂടിയിരുന്നു.
നിലമ്പൂര്‍ എസ് ഐ സുനില്‍ പുളിക്കലിനു പുറമെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം എം അസൈനാര്‍, എ എസ് ഐ രാധാകൃഷ്ണന്‍, സി പി ഒമാരായ ബാലന്‍, വിനോദ്, വിനോബ്, സാജന്‍ ജോസഫ്, ഇ വി സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.