ഒബാമയും കാമറൂണും ചര്‍ച്ച നടത്തി

Posted on: August 29, 2013 7:25 am | Last updated: August 29, 2013 at 7:25 am
SHARE

ലണ്ടന്‍: സിറിയന്‍ വിഷയത്തില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ കൗണ്‍സില്‍ ചേരാനിരിക്കെയായിരുന്നു ഇരുവരും ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ യാതൊരു വിധ തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും എന്തെങ്കിലും നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണെങ്കില്‍ അത് തികച്ചും നിയമവിധേയമായിട്ടായിരിക്കുമെന്നും ഡേവിഡ് കാമറൂണ്‍ പിന്നീട് പറഞ്ഞു. എന്തു നടപടിയായാലും അത് രാസായുധപ്രയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതായിരിക്കും. ഇക്കഴിഞ്ഞ ആഗസ്റ്റ് 21 ന് സിറിയയില്‍ ആരോപിക്കപ്പെടുന്ന രാസായുധപ്രയോഗം നടന്നതിനു പിന്നാലെ ഇത് രണ്ടാം തവണയാണ് ഒബാമയും ഡേവിഡ് കാമറൂണും ഈ വിഷയത്തില്‍ ആശയ വിനിമയം നടത്തുന്നത്.
യു എന്നിന്റെ അനുമതിക്ക് കാത്തിരിക്കാതെ ആക്രമണം നടത്തണമെന്ന നിലപാടിലാണ് അമേരിക്ക. റഷ്യയും ചൈനയും ബശര്‍ അസദ് അനുകൂല നിലപാട് എടുക്കുന്ന സാഹചര്യത്തില്‍ യു എന്നില്‍ ആക്രമണ പ്രമേയം പാസ്സാക്കിയെടുക്കാനാകില്ലെന്ന് അമേരിക്ക കണക്ക് കൂട്ടുന്നു.