Connect with us

Eranakulam

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളില്‍ ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സൗകര്യം നിലവില്‍ വന്നു. ഇനിമുതല്‍ ജപ്പാന്‍, സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ന്യൂസിലാന്‍ഡ്, ഫിലിപ്പൈന്‍സ്, കംബോഡിയ, ലാവോസ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നുതന്നെ ടൂറിസ്റ്റ് വിസ ലഭ്യമാകും.
തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എട്ട് വിമാനത്താവളങ്ങളിലാണ് ഈ സംവിധാനം നിലവില്‍ വന്നത്. ഒന്നാം ഘട്ടമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ വിമാനത്താവളങ്ങളിലും രണ്ടാം ഘട്ടമായി കേരളത്തിനൊപ്പം ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലുമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. രണ്ട് വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന ഏക സംസ്ഥാനം കേരളമാണെന്ന പ്രത്യേകതയുമുണ്ട്.
ഇരു വിമാനത്താവളങ്ങളിലും ഇമിഗ്രേഷന്‍ വിഭാഗത്തോടനുബന്ധിച്ച് 250 ചതുരശ്ര അടി സ്ഥലം പുതിയ സംവിധാനത്തിനായി സജ്ജീകരിച്ച് ഇന്റലിജന്‍സ് ബ്യൂറോയുടെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സന്ദര്‍ശകരുടെ ചിത്രം എടുക്കാനുള്ള സൗകര്യവും ആവശ്യത്തിന് വഴികാട്ടി ബോര്‍ഡുകളും മറ്റും സ്ഥാപിക്കുകയും ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് വിപണി സാധ്യതയുണ്ടെന്ന് വ്യക്തമായിട്ടുള്ള 11 രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനം വൈകാതെ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും ബാധകമാക്കും.
ഒരു കലന്‍ഡര്‍ വര്‍ഷത്തില്‍ ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ ഇത്തരത്തില്‍ വിസ നല്‍കുകയുള്ളു. 60 അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ 30 ദിവസത്തെ കാലാവധിയിലാണ് വിസ നല്‍കുക. വിനോദസഞ്ചാരം, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മറ്റെന്തെങ്കിലും കാര്യത്തിനോ പ്രവര്‍ത്തനങ്ങള്‍ക്കോ ഇതു നല്‍കില്ല. ടൂറിസ്റ്റ് വിസ ഓണ്‍ അറൈവലിന് അപേക്ഷിക്കുന്നവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരോ ഇവിടെ ജോലിയുള്ളവരോ ആയിരിക്കരുത്. ആറ് മാസത്തെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. വിസക്ക് അപേക്ഷിക്കുമ്പോള്‍ താമസസൗകര്യം ഉറപ്പാക്കിയിട്ടുള്ള ഹോട്ടലില്‍ നിന്നുള്ള രേഖയും മടക്കയാത്രയുടെ ടിക്കറ്റും ഹാജരാക്കണം.
രണ്ട് വിമാനത്താവളങ്ങളില്‍ ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലവില്‍ വന്നതോടെ ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്നും സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുള്ള ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ കൗണ്ടര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ നിന്ന് ഏറെക്കാലമായി ഉയരുന്ന ആവശ്യമായിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനമെന്നും ഇതു ലഭ്യമായതോടെ ഇതിന്റെ നേട്ടം പൂര്‍ണമായും ഉപയോഗിക്കാന്‍ സംസ്ഥാനം ശ്രമിക്കുമെന്നും മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. മന്ത്രി വി എസ് ശിവകുമാറും മറ്റ് ഉന്നത ഉദ്യോസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.