കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ വീണ്ടും സാമ്പത്തിക തിരിമറി

Posted on: August 29, 2013 2:38 am | Last updated: August 29, 2013 at 2:38 am
SHARE

sulthan-bathery-stationകല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി ജില്ലാ ഡിപ്പോയുടെ നിയന്ത്രണത്തിലുള്ള മൈസൂര്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ സാമ്പത്തിക വെട്ടിപ്പ്. മൈസൂരില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌ക് കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബത്തേരിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കി.
കൗണ്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിലും ടിക്കറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയതിലും ക്രമക്കേടുകള്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചത്. 2012ല്‍ സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ പങ്കാളികളായ പത്ത് പേര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് വീണ്ടും പുതിയ സാമ്പത്തിക തിരിമറി പുറത്തുവന്നത്.
ഇത്തവണ കെ എസ് ആര്‍ ടി സി ജില്ലാ ഡിപ്പോയുടെ നിയന്ത്രണത്തിലുള്ള മൈസൂര്‍ റിസര്‍വേഷന്‍ കൗണ്ടറിലാണ് സാമ്പത്തിക തിരിമറി. ഒരു ജീവനക്കാരനെതിരെ കെ എസ് ആര്‍ ടി സി ഉന്നതതല സംഘം അന്വേഷണം ആരംഭിച്ചു. 2010ല്‍ മൈസൂരില്‍ ആരംഭിച്ച ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ ടിക്കറ്റ് കാന്‍സലേഷന്‍ ഇനത്തില്‍ കെ എസ് ആര്‍ ടി സിക്ക് ലഭിക്കേണ്ട തുക ഇവിടത്തെ എന്‍ക്വയറി ക്ലര്‍ക്ക് എ സരിജ് തട്ടിയെടുത്തെന്നാണ് ആരോപണമുയര്‍ന്നത്.
ഇതേ തുടര്‍ന്നാണ് കെ എസ് ആര്‍ ടി സി ഓഫീസ് ഓഡിറ്റ് വകുപ്പ് ഓഫീസര്‍ വി ജയകുമാറിന്റെ നേതൃത്വത്തില്‍ നാലംഗസംഘം അന്വേഷണം ആരംഭിച്ചത്.
ഇതിനു പുറമെ കോര്‍പ്പറേഷന്റെ ഇന്റര്‍നെറ്റ് സൈറ്റ് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയുടെ മൈസൂര്‍ റിസര്‍വേഷന്‍ കൗണ്ടറിലെ ടെലഫോണ്‍ ബില്‍ കഴിഞ്ഞ മാസങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഇതിന്റെ കാരണം കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണമാണ് ഇന്റര്‍നെറ്റ് ദുരുപയോഗവും മറ്റും പുറത്തുവരാനിടയാക്കിയത്.
രാത്രികാലങ്ങളില്‍ കോര്‍പ്പറേഷന്റെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ സരിജ് കണ്ടിരുന്നതായി കണ്ടെത്തിയ അന്വേഷണ സംഘം ഇവിടത്തെ കമ്പ്യൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ എത്തിയ അന്വേഷണ സംഘം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ പരിശോധന തുടരുകയാണ്.