Connect with us

Kerala

ഫാക്ടില്‍ എല്‍ എന്‍ ജി ഉപയോഗിച്ചു തുടങ്ങി; കൂടിയ വില പ്രതിസന്ധിയാകും

Published

|

Last Updated

പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ഫാക്ട് ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) ഉപയോഗിച്ചുതുടങ്ങി. ഫാക്ടിലെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബോയ്‌ലറുകളിലാണ് ഇന്നലെ രാവിലെ മുതല്‍ എല്‍ എന്‍ ജി ഉപയോഗിച്ചുതുടങ്ങിയത്. ഫാക്ട് അമോണിയാ പ്ലാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ എല്‍ എന്‍ ജി വിതരണക്കുഴലിന്റെ വാല്‍വ് തുറന്ന് ഫാക്ട് ടെക്‌നിക്കല്‍ ഡയറക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ പി മുത്തുസ്വാമി, പി കെ ചന്ദ്രശേഖരന്‍, ജനറല്‍ മാനേജര്‍മാര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(മാര്‍ക്കറ്റിംഗ്) ആര്‍ കെ സിംഗാള്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(കണ്‍സ്ട്രക്ഷന്‍) കെ പി രമേഷ് സംബന്ധിച്ചു.
ഫാക്ടിലെ അമോണിയ പ്ലാന്റ് നാഫ്തയില്‍ നിന്ന് എല്‍ എന്‍ ജിയിലേക്ക് മാറുന്നതോടെ കമ്പനി പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്ന പ്രതീക്ഷകള്‍ക്ക് മേല്‍ ആശങ്കയുടെ നിഴല്‍ പരത്തിക്കൊണ്ടാണ് ഫാക്ടില്‍ എല്‍ എന്‍ ജി എത്തിയിരിക്കുന്നത്. നാഫ്തയുടെ കൂടിയ വിലയാണ് ഇതുവരെ ഫാക്ടിന്റെ നടുവൊടിച്ചിരുന്നത്. യൂനിറ്റിന് 24 രൂപയാണ് നാഫ്തയുടെ വില. എല്‍ എന്‍ ജി വരുമ്പോള്‍ ഇന്ധന ചെലവ് ഗണ്യമായി കുറയുമെന്ന പ്രതീക്ഷ അടിമുടി തെറ്റിച്ചുകൊണ്ട് യൂനിറ്റിന് 19.5 ഡോളറാണ് ഫാക്ടിലേക്കുള്ള എല്‍ എന്‍ ജിക്ക് ഗെയില്‍ വിലയിട്ടിരിക്കുന്നത്. നാഫ്ത ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി എല്‍ എന്‍ ജിയിലേക്ക് മാറുന്നതോടെ ഫാക്ടിന് നഷ്ടമാകും. ഇത് കണക്കിലെടുക്കുമ്പോള്‍ 19.5 ഡോളറിന് എല്‍ എന്‍ ജി ലഭിച്ചതുകൊണ്ട് ഫാക്ടിന് ഒരു നേട്ടവുമില്ലാത്ത അവസ്ഥയാണ്. പുതുവൈപ്പ് ടെര്‍മിനലില്‍ നിന്ന് ഒരു കെ ജി മര്‍ദത്തിലാണ് ഫാക്ടില്‍ ഇപ്പോള്‍ എല്‍ എന്‍ ജി ലഭിക്കുന്നത്. കുറഞ്ഞ മര്‍ദത്തിലുള്ള എല്‍ എന്‍ ജിക്ക് യൂനിറ്റിന് 12 ഡോളര്‍ നിരക്കിലാണ് ഫാക്ടും ഗെയിലും രണ്ടാഴ്ചത്തേക്കുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ അമോണിയാ പ്ലാന്റ് പ്രവര്‍ത്തിക്കണമെങ്കില്‍ 45 കെ ജി മര്‍ദത്തില്‍ എല്‍ എന്‍ ജി ലഭിക്കണം. ഇത്തരത്തില്‍ പൂര്‍ണ തോതില്‍ എല്‍ എന്‍ ജി നല്‍കുന്നതിനാണ് ഗെയില്‍ 19. 5 ഡോളര്‍ നിരക്ക് ആവശ്യപ്പെടുന്നത്. നിരക്ക് കുറക്കാന്‍ ഗെയിലിന് മേല്‍ ഫാക്ട് സമ്മര്‍ദം ചെലുത്തിവരികയാണ്. ഇതോടൊപ്പം വാറ്റ് നികുതി ഒഴിവാക്കിത്തരണമെന്ന് ഫാക്ട് മാനേജ്‌മെന്റ് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 14. 5 ശതമാനമാണ് സംസ്ഥാനത്തിന് നല്‍കേണ്ട വാറ്റ് നികുതി. ഇത് ഒഴിവാക്കിക്കിട്ടിയാല്‍ വലിയ നഷ്ടമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് ഫാക്ട് കണക്കുകൂട്ടുന്നത്.
ഉത്തരേന്ത്യയിലെ ഫെര്‍ട്ടിലൈസര്‍ കമ്പനികള്‍ക്ക് യൂനിറ്റിന് കേവലം 4.2 ഡോളര്‍ നിരക്കിലാണ് നിലവില്‍ എല്‍ എന്‍ ജി ലഭിച്ചു കൊണ്ടിരിക്കുന്നത്. കൃഷ്ണ ഗോദാവരി തടത്തില്‍ റിലയന്‍സ് ഖനനം ചെയ്‌തെടുക്കുന്ന പ്രകൃതിവാതകമാണ് ഉത്തരേന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഇതുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്തതാണ് ഇറക്കുമതി ചെയ്യുന്ന എല്‍ എന്‍ ജിയുടെ വില. അന്താരാഷ്ട്ര വിലയുടെ അനുപാതത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില യൂനിറ്റിന് എട്ട് ഡോളര്‍ വരെ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇത് റിലയന്‍സിനെ സഹായിക്കാനാണെന്ന ആക്ഷേപംമുണ്ട്. പുറത്തുനിന്ന് കൂടിയ വിലക്ക് സര്‍ക്കാര്‍ പ്രകൃതി വാതകം വാങ്ങുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ഇന്ത്യ 14 ഡോളര്‍ നിരക്കില്‍ വിദേശത്ത് നിന്ന് പ്രകൃതി വാതകം വാങ്ങുമ്പോള്‍ ചൈന അടുത്തിടെ ഒ എന്‍ ജി സിക്കും ഗെയിലിനും പങ്കാളിത്തമുള്ള മ്യാന്‍മര്‍ ബ്ലോക്കില്‍ നിന്ന് 9 ഡോളര്‍ നിരക്കിലാണ് പ്രകൃതി വാതകം വാങ്ങാന്‍ കരാര്‍ നേടിയെടുത്തത്.
കൊച്ചിയില്‍ ലഭിക്കുന്ന പ്രകൃതിവാതകത്തിന്റെ വില കേട്ട്, ഗെയിലില്‍ നിന്ന് എല്‍ എന്‍ ജി വാങ്ങാന്‍ തയ്യാറായ മറ്റ് കമ്പനികള്‍ ആശങ്കയിലാണ്. ഫാക്ട് ഗെയിലുമായി ദീര്‍ഘകാല കരാര്‍ ഒപ്പിടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഹ്രസ്വകാലത്തേക്കുള്ള കരാറില്‍ ഒപ്പിടാനാണ് തീരുമാനം. ബി എസ് ഇ എസ്, ടി സി സി, നീറ്റ ജെലാറ്റിന്‍, എച്ച് ഒ സി എല്‍ എന്നീ കമ്പനികള്‍ തിരക്കിട്ട് എല്‍ എന്‍ ജി വാങ്ങേണ്ടെന്ന തീരുമാനത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. അതേസമയം പെട്രോനെറ്റ് കണ്‍സോര്‍ഷ്യത്തില്‍ പങ്കാളിത്തമുള്ള റിഫൈനറി രണ്ട് ദിവസത്തിനകം എല്‍ എന്‍ ജി ഉപയോഗിച്ചുതുടങ്ങുമെന്നറിയുന്നു.
യൂനിറ്റിന് 14 ഡോളര്‍ നിരക്കിലാണ് ഖത്തറില്‍ നിന്ന് ഗെയില്‍ എല്‍ എന്‍ ജി വാങ്ങുന്നത്. അതു കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് വില ഗണ്യമായി കുറച്ചു നല്‍കാന്‍ കഴിയില്ലെന്നാണ് ഗെയിലിന്റെ നിലപാട്. രാജ്യാന്തര വിപണിയില്‍ കുറച്ചു കാലമായി എല്‍ എന്‍ ജിയുടെ വില മുകളിലേക്കാണ്. എല്‍ എന്‍ ജി ഉപയോഗം ആഗോളാടിസ്ഥാനത്തില്‍ വര്‍ധിച്ചതാണ് വില ഉയരാന്‍ കാരണം. സ്വകാര്യ ഓയില്‍ കമ്പനികള്‍ ഇപ്പോള്‍ എല്‍ എന്‍ ജി വിതരണം ചെയ്യുന്നത് നാഫ്തയേക്കാള്‍ കൂടിയ വിലക്കാണ്. 210 കോടി രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടിനെ ആശങ്കപ്പെടുത്തുന്നതാണ് ഈ സ്ഥിതിവിശേഷം.

---- facebook comment plugin here -----

Latest