ഇറച്ചിക്കോഴിയുടെ തറവില ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകും

Posted on: August 29, 2013 1:22 am | Last updated: August 29, 2013 at 1:22 am
SHARE

chickenമലപ്പുറം: ഇറച്ചിക്കോഴിയുടെ തറവില ഉയര്‍ത്തിയത് കോഴിക്കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. 70 രൂപയില്‍ നിന്ന് 95 രൂപയായാണ് ഉയര്‍ത്തിയത്. വര്‍ഷത്തില്‍ 10 ലക്ഷം രൂപ വരെയുള്ള ഉത്പാദനത്തിന് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നികുതി അടക്കേണ്ടതില്ല. സംസ്ഥാനത്തെ കോഴി ഫാമുകളില്‍ വര്‍ഷത്തില്‍ അഞ്ച് തവണയായാണ് കൃഷി ചെയ്തിരുന്നത്. തറവില കൂട്ടലിന് പിന്നില്‍ തമിഴ്‌നാട്ടിലെ ബ്രോയിലര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി(ബി സി സി)യും അവരുടെ കേരളത്തിലെ ബിനാമികളും സെയില്‍ ടാക്‌സിലെ ചില ഉന്നതരുമാണെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
നിലവില്‍ 14.5 ശതമാനമാണ് അതിര്‍ത്തി ടാക്‌സ്. വില ഉയര്‍ത്തിയതോടെ ടാക്‌സ് കുറക്കണമെന്ന് പറഞ്ഞ് തമിനാട് ലോബികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതിര്‍ത്തി ടാക്‌സ് കുറച്ച് കൂടുതല്‍ കോഴികളെ കേരളത്തിലേക്ക് ഇറക്കി സംസ്ഥാനത്തെ കോഴിക്കര്‍ഷകരെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജിജു മാത്യു സിറാജിനോട് പറഞ്ഞു.
മുമ്പ് കോഴിക്കുഞ്ഞിന് എട്ട് രൂപയായിരുന്നു വില. ഇപ്പോഴത് 38 രൂപയായി. 11 വര്‍ഷം മുമ്പ് തറവില 30 രൂപയായിരുന്നു. അന്ന് 10 ലക്ഷം വരെ ഉത്പാദിപ്പിക്കാമെന്നുള്ളത് ഏറെ ആശ്വാസമായിരുന്നു. എന്നാള്‍ തറവിലയും കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വിലയും മറ്റും വര്‍ധിച്ചെങ്കിലും 10 ലക്ഷം എന്ന പരിധി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല.
നികുതിയില്ലാതെ കൃഷി ചെയ്യുന്ന പരിധി 10 ലക്ഷത്തില്‍ നിന്ന് 60 ലക്ഷമാക്കണമെന്നാണ് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ പ്രധാന ആവശ്യം. ഏറെ കാലത്തെ മുറവിളിക്ക് ശേഷം ആകെ ലഭിച്ചിരുന്ന ആനുകൂല്യം ഒരു യൂനിറ്റ് കറന്റിന് 65 പൈസ എന്നുള്ളതായിരുന്നു. ഇത് വര്‍ധിപ്പിച്ച് 2.20 ആക്കി. ഇത് കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. തറവില ഉയര്‍ത്തിയതിനെ തുടര്‍ന്ന് നുകുതി വെട്ടിക്കുറക്കുന്നതിന് കച്ചവടക്കാര്‍ സമരം ചെയ്താല്‍ കോഴിഫാമുകളില്‍ നിന്ന് നേരിട്ട് വില്‍പ്പന തുടങ്ങുകയോ പുതിയ സ്റ്റാളുകള്‍ ആരംഭിക്കുകയോ ചെയ്യാനാണ് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
കോഴിക്കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കുമെന്നും സംസ്ഥാനത്തെ ഫാമുകള്‍ ഉന്മൂലനം ചെയ്യാനുള്ള അന്യസംസ്ഥാന കോഴി മാഫിയകളുടെ നീക്കത്തിനെതിരെ സെക്രട്ടേറിയറ്റിന് മുമ്പിലും കലകടറേറ്റുകള്‍ക്ക് മുന്നിലും നിരാഹാര സമരം നടത്തുമെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എ പി ഖാദറലി സിറാജിനോട് പറഞ്ഞു.