അര്‍ബുദ ബാധിതനായ തമിഴ്‌നാട് സ്വദേശിയുടെ വായ്പ എഴുതി തള്ളാന്‍ ബേങ്ക് തീരുമാനം

Posted on: August 29, 2013 12:42 am | Last updated: August 29, 2013 at 12:42 am
SHARE

bank3aദുബൈ: അര്‍ബുദം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന തമിഴ്‌നാട് സ്വദേശി അബ്ദുല്‍ സത്താര്‍ മുഹമ്മദ് ബറകിന്റെ വായ്പ എഴുതിത്തള്ളാന്‍ അബുദാബിയിലെ ഒരു പ്രമുഖ ബേങ്കും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് കമ്പനിയും തീരുമാനിച്ചു.
അര്‍ബുദം ബാധിച്ച കുടല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഏറെക്കുറെ പൂര്‍ണ്ണമായും എടുത്തു മാറ്റിയ തനിക്ക് ഇനി അധികനാളുകളില്ലെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് മാനുഷികമായ നടപടികളുമായി രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഏത് നിമിഷവും മരണം വന്നേക്കാമെന്ന തിരിച്ചറിവാണ് നാട്ടിലെത്തിക്കാന്‍ ഈ മനുഷ്യന്‍ കാണുന്നവരോടെല്ലാം യാചിക്കാന്‍ ഇടയാക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് അത്യാസന്നനിലയിലായ സത്താറിന് ചികിത്സക്കായി വിവിധ ബേങ്കുകളില്‍ നിന്നും എടുത്ത വായ്പയാണ് നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് തടസമായി മാറിയിരിക്കുന്നത്.
അബുദാബി കൊമേഴ്‌സ്യല്‍ ബേങ്കും ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനമായ ദുബൈ ഫസ്റ്റുമാണ് സത്താറിന്റെ കരളലിയിക്കുന്ന വാര്‍ത്ത കണ്ട് വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. ചികിത്സക്കായി എടുത്ത വ്യക്തിഗത വായ്പ തിരിച്ചടക്കാനാവാത്തതിനാല്‍ കഴിഞ്ഞ ആറു വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ഇദ്ദേഹം. മൊത്തം അഞ്ച് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നായി 50,000 ദിര്‍ഹമായിരുന്നു ചികിത്സക്കായി അബ്ദുല്‍സത്താര്‍ വായ്പ എടുത്തത്. ഇതില്‍ രണ്ട് സ്ഥാപനങ്ങളാണ് ദയനീയ സ്ഥിതി മനസിലാക്കി വായ്പ എഴുതിത്തള്ളാന്‍ നടപടി കൈക്കൊണ്ടത്. ഇനി മൂന്നു സ്ഥാപനങ്ങളില്‍ നിന്നു കൂടി വായ്പാ കാര്യത്തില്‍ തീരുമാനമായാലെ നാട്ടില്‍ പോകുകയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനാവൂ.
രണ്ട് ബേങ്കുകള്‍ വായ്പ എഴുതിതള്ളിയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതിനായി പരിശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനാ പ്രതിനിധികളോടും അളവറ്റ നന്ദിയുണ്ടെന്നും രോഗക്കിടക്കയില്‍ നിന്നും സത്താര്‍ വ്യക്തമാക്കി. അര്‍ബുദമായതിനാല്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങള്‍ മാത്രമേ ഇദ്ദേഹത്തിന് കഴിക്കാനാവൂ. 3,000 കലോറി ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്താന്‍ തഞ്ചാവൂര്‍ സ്വദേശിയായ ഈ 56 കാരന് വേണ്ടത്.
നഗരത്തിലെ ഒരു ലാബില്‍ വയര്‍വേദനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കുടലില്‍ അര്‍ബുദം പിടിപെട്ടതായി കണ്ടെത്തിയത്. ശേഷിച്ച ദിനങ്ങള്‍ ഭാര്യക്കും പെണ്‍മക്കള്‍ക്കും വൃദ്ധയായ മാതാവിനുമൊപ്പം ജന്മനാട്ടില്‍ കഴിക്കാനാണ് സത്താര്‍ ആഗ്രഹിക്കുന്നത്. പരമാവധി ആറു മാസം വരെയേ സത്താര്‍ ജീവിച്ചിരിക്കൂവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എനിക്ക് എന്റെ ഉറ്റവരെ കാണണം. കണ്ണീരോടെ അദ്ദേഹം വ്യക്തമാക്കുന്നു. എന്റെ അവസാനത്തെ ആഗ്രഹം അവര്‍ക്കരുകില്‍ എത്തി കണ്ണടക്കാനാണ്. കച്ചവടക്കാരനായി തുടങ്ങി ജോലിക്കാരനായി മാറിയ സത്താര്‍ ഹൃദയം തുറക്കുന്നു.
ബേങ്കുകള്‍ വായ്പ എഴുതിത്തള്ളിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ദുബൈ മുറഖാബാദ് പോലീസ് സ്‌റ്റേഷനില്‍ നിലനില്‍ക്കുന്ന കേസു കൂടി രണ്ട് ധനകാര്യ സ്ഥാപനങ്ങളും പിന്‍വലിച്ചാലെ ഇതിന്റെ പ്രയോജനം ലഭിക്കൂ. പോലീസ് കേസ് പിന്‍വലിക്കാന്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രണ്ട് സ്ഥാപനങ്ങള്‍ നല്‍കിയ കേസുകള്‍ അല്‍ റഫ പോലീസ് സ്‌റ്റേഷനിലും ബര്‍ദുബൈ പോലീസ് സ്‌റ്റേഷനിലുമാണ് നിലനില്‍ക്കുന്നത്. ഈ കേസുകളിലും ധനകാര്യ സ്ഥാപനങ്ങള്‍ കാരുണ്യഹസ്തം നീട്ടുമെന്ന പ്രതീക്ഷയിലാണ് സത്താര്‍.