ഇന്ത്യന്‍ രൂപ നിലയില്ലാക്കയത്തിലേക്ക്; ദിര്‍ഹം= 18.30 രൂപ

Posted on: August 29, 2013 12:16 am | Last updated: August 29, 2013 at 12:16 am
SHARE

ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നലെ രാവിലെ ഒരു ദിര്‍ഹത്തിന് 18.30 രൂപ എന്ന നിലയിലായി. ഡോളര്‍ ലഭിക്കണമെങ്കില്‍ 66.24 രൂപ നല്‍കേണ്ട അവസ്ഥയായി. ഇതോടെ മധ്യപൗരസ്ത്യദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചു. അടുത്ത മാസം കേരളത്തിലേക്ക് കോടികള്‍ ഒഴുകുമെന്നാണ് മണി എക്‌സ്‌ചേഞ്ചുകള്‍ കണക്കുകൂട്ടുന്നത്.
രണ്ടു ദിവസം മുമ്പ് ദിര്‍ഹത്തിന് 17.26 രൂപയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സ്ഥിതി അല്‍പം മെച്ചപ്പെട്ടിരുന്നു.
രാസായുധപ്രയോഗത്തിന്റെ ആരോപണം നേരിടുന്ന സിറിയന്‍ സര്‍ക്കാരിനെതിരെ അമേരിക്കയുടെ സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കയില്‍ എഷ്യന്‍ ഓഹരി വിപണികളിലുണ്ടായ ഇടിവും സെന്‍സെക്‌സില്‍ പ്രതിഫലിച്ചതായി വിലയിരുത്തലുണ്ട്.
ഹോങ്കോംഗിലെ ഹാങ് സെങ് സൂചിക 0.24 ശതമാനവും ജപ്പാനിലെ നിക്കി സൂചിക 0.62 ശതമാനവും രാവിലെ ഇടിവു രേഖപ്പെടുത്തിയിരുന്നു. ഏഷ്യന്‍ മേഖലയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ മാത്രമാണ് ഡോളറിനെതിരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്.