Connect with us

International

ഇമ്രാന്‍ ഖാന് എതിരായ കോടതിയലക്ഷ്യ കേസ് തള്ളി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്ററും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനെതിരെയുള്ള കോടതിയലക്ഷ്യ കേസ് പാക് സുപ്രീം കോടതി റദ്ദാക്കി. മുതിര്‍ന്ന ജഡ്ജിമാരെ ഒരിക്കലും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന ഇമ്രാന്റെ വിശദീകരണത്തെത്തുടര്‍ന്നാണിത്. ഇമ്രാന്റെ രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുക്കിയ മെയ് മാസത്തെ പൊതു തിരഞ്ഞെടുപ്പിനിടെയാണ് ജുഡീഷ്യറിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ഖാന്‍ വിമര്‍ശിച്ചത്. കേസില്‍ സുപ്രീം കോടതി രണ്ടാം തവണയും സമന്‍സ് അയക്കുന്നതിന് മുമ്പേയാണ് വിശദീകരണവുമായി ഇമ്രാന്‍ കോടതിയിലെത്തിയത്.
ജുഡീഷ്യറിയെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ലെന്നും പരമാധികാരത്തെ ഇകഴ്ത്തിക്കാട്ടുകയോ ജുഡീഷ്യറിയുടെ ജനാധിപത്യ സ്വഭാവത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതിയില്‍ ഇമ്രാന്‍ വിശദീകരിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കേസ് എന്നറിയില്ല. റിട്ടേണിംഗ് ഓഫീസര്‍മാരെ മാത്രമാണ് താന്‍ പരാമര്‍ശിച്ചത്. സുപ്രീം കോടതിയേയോ ജുഡീഷ്യറി തലവന്‍മാരെയോ താന്‍ പേരെടുത്തു പറഞ്ഞിട്ടില്ലെന്നും ഖാന്‍ കോടതിയില്‍ പറഞ്ഞു. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് കോടതി കേസ് റദ്ദാക്കിയത്.

---- facebook comment plugin here -----

Latest