ഇറാന്‍ ആണവ പദ്ധതി: യു എന്‍ ചര്‍ച്ച അടുത്തമാസം

Posted on: August 28, 2013 11:49 pm | Last updated: August 28, 2013 at 11:49 pm
SHARE

IAEA logoവിയന്ന: ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യു എന്‍ നിരീക്ഷകര്‍ ചര്‍ച്ച നടത്തും. അടുത്ത മാസം 27 നാണ് തെഹ്‌റാനില്‍ ചര്‍ച്ച നടക്കുക. ഹസന്‍ റൂഹാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ ആണവ ചര്‍ച്ചയാണിത്. വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇറാനുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായത്. ഇന്റര്‍നാഷനല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐ എ ഇ എ)യാണ് ചര്‍ച്ച നടത്തുന്നതെന്ന് വക്താവ് അറിയിച്ചു. 2012 ല്‍ തുടങ്ങിയ ചര്‍ച്ചകളാണ് വീണ്ടും പുനരാരംഭിക്കുന്നത്. ഇതിനകം 11 തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ഫലം കണ്ടിരുന്നില്ല.
ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുമ്പോള്‍ ഇറാന്‍ അത് നിഷേധിക്കുകയാണ്. ഇറാനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കും വിധമുള്ള തെളിവുകള്‍ കണ്ടെത്താന്‍ യു എന്നിന് സാധിച്ചിട്ടില്ല. അഹ്മദ് നജാദ് പ്രസിഡന്റായിരിക്കെ ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നാണ് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോയത്.
എന്നാല്‍ എല്ലാ കാര്യങ്ങളിലും കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നാണ് ഹസന്‍ റൂഹാനി പറയുന്നത്. ആണവ കാര്യങ്ങളിലും ഇതേ നിലപാടാണ് റൂഹാനി സ്വീകരിക്കുന്നത്. പാശ്ചാത്യ ശക്തികള്‍ക്ക് ഇത് പ്രതീക്ഷ പകരുന്നുണ്ട്. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പിന്നിലും ഈ പ്രതീക്ഷയാണ്. കഴിഞ്ഞ മെയിലാണ് ഇറാനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും അവസാന കൂടിക്കാഴ്ച നടത്തിയത്. ആണവ ബോംബ് ഇറാന്‍ നിര്‍മിക്കുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ പരാതി. ഇത് ശുദ്ധ അസംബന്ധമാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുകയുമാണ്. ഇതിനിടെയാണ് പുതിയ സംഘത്തെ ചര്‍ച്ചക്കായി ഇറാനിലേക്ക് യു എന്‍ അയക്കുന്നത്.