Connect with us

Business

രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വ്വകാല റെക്കോര്‍ഡില്‍: ഡോളറൊന്നിന് 68 രൂപ കടന്നു

Published

|

Last Updated

ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭ പാസ്സാക്കിയതിനു പിന്നാലെ രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ ഇടിവ്. അതായത് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 68.04 രൂപ നല്‍കണം.

ഇന്ന് മാത്രം രണ്ടര രൂപയുടെ നഷ്ടമാണ് രൂപയ്ക്കുണ്ടായത്. രൂപയുടെ മൂല്യം 68 കടന്നതോടെ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സും നിഫ്റ്റിയും വന്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെന്‍സക്‌സ് ഇന്ന് മാത്രം 500 പോയിന്റ് താഴ്ന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഡോളര്‍ വന്‍ തോതില്‍ ആവശ്യമായതാണ് രൂപയുടെ മൂല്യം വന്‍ തോതില്‍ ഇടിയാന്‍ കാരണമാക്കിയത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ അമേരിക്ക ഇടപെടുമെന്ന വാര്‍ത്തയും ഏഷ്യന്‍ വിപണികളെ തളര്‍ത്തി.

ഇന്നലെ 66 രൂപയായി കുറഞ്ഞിരുന്നു. ഇന്ന് വ്യാപാരം തുടങ്ങുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 65.56 എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തിക്കുറിച്ചത്. 64.30ലാണ് തിങ്കളാഴ്ച രൂപ ക്ലോസ് ചെയ്തത്.
ആറ് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം രൂപ നേരിയ തോതില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും മൂല്യത്തില്‍ ഇടിവ് സംഭവിച്ചത് . മാസാന്ത്യത്തില്‍ ഡോളറിനുള്ള ആവശ്യകത കൂടിയതാണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണം. ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി ചെയ്യുന്നവരും ചില ബേങ്കുകളും ഡോളറുകള്‍ വാങ്ങിക്കൂട്ടിയത് ഇതിന് കാരണമായി. വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്ന് പണം പിന്‍വലിച്ചതും ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിലാകുന്നതോടെ ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത് സര്‍ക്കാറിന് അധിക ബാധ്യത വരുത്തുമെന്ന ഭയവും രൂപയുടെ മൂല്യത്തില്‍ ഇടിവ് വരുത്താനിടയാക്കിയിട്ടുണ്ട്.
എന്നാല്‍, രൂപയുടെ മൂല്യം താഴാനിടയായതില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും രൂപ ഉടന്‍ തിരിച്ചുകയറുമെന്നും ധനമന്ത്രി പി ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 4.8 ശതമാനമാണ് ധനക്കമ്മിയെന്നും ഭക്ഷ്യസുരക്ഷ നടപ്പാക്കിയാലും ഇത് തുടരുമെന്നും ചിദംബരം പറഞ്ഞു.
തിരക്കിട്ട് പരിഹാരക്രിയകള്‍ക്ക് മുതിരേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാറും റിസര്‍വ് ബേങ്കും കൈക്കൊള്ളുന്നത്. മൂല്യത്തകര്‍ച്ച ആഗോള പ്രതിഭാസമാണെന്നും അതിനെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും പി ചിദംബരം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
അതേസമയം, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 590.05 പോയിന്റ് ഇടിഞ്ഞ് 17,968.08ലും നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 189.05ന്റെ നഷ്ടത്തില്‍ 5,287.45ലും ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഒ എന്‍ ജി സി, എന്‍ ടി പി സി, മാരുതി സുസൂക്കി, മഹീന്ദ്ര, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബേങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ഇന്‍ഫോസിസ്, സെസ ഗോവ തുടങ്ങിയ ചില ഓഹരികള്‍ നേരിയ തോതില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്.

Latest