പരിക്രമ യാത്ര തുടരും: വി എച്ച് പി

Posted on: August 28, 2013 7:34 am | Last updated: August 28, 2013 at 7:34 am
SHARE

ഇറ്റാവ: ’84 കോസി പരിക്രമ യാത്ര’ മുന്‍നിശ്ചയിച്ച പ്രദേശങ്ങളിലൂടെ നടക്കുമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പരിക്രമ യാത്ര നിശ്ചയിച്ച സമയ പ്രകാരം തുടരുമെന്നും അതില്‍ മാറ്റമില്ലെന്നും ജയില്‍മോചിതനായ ശേഷം തൊഗാഡിയ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് തൊഗാഡിയയെ വിട്ടയച്ചത്. അശോക് സിംഘാളിനെ കഴിഞ്ഞ ദിവസം തന്നെ മോചിപ്പിച്ചിരുന്നു.
സരയൂ ഘട്ടില്‍ നടന്ന പൂജയോടുകൂടി ഞായറാഴ്ച തന്നെ യാത്ര ആരംഭിച്ചെന്ന് തൊഗാഡിയ അവകാശപ്പെട്ടു. സമാധാനപരമായും ആക്രമണമില്ലാതെയും ജനാധിപത്യരീതിയിലും യാത്ര തുടരാന്‍ അനുവദിക്കണം. ജയിലില്‍ തനിക്ക് ഭക്ഷണവും മരുന്നും നല്‍കിയില്ല. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും. മോചിപ്പിച്ചിട്ടും മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാന്‍ ശ്രമമുണ്ടായിരുന്നെന്നും തൊഗാഡിയ ആരോപിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും യാത്ര നടത്താന്‍ അയോധ്യയിലെത്തിയതിനാണ് തൊഗാഡിയയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച 2500 വി എച്ച് പി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 957 പേരെ വിട്ടയച്ചിട്ടുണ്ട്.