ഹജ്ജ് 2013 : തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

Posted on: August 28, 2013 7:29 am | Last updated: August 28, 2013 at 7:30 am
SHARE

ദോഹ: രാജ്യത്ത് നിന്ന് ഈ വര്‍ഷത്തെ ഹജ്ജിനു പോകാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ 1200 പേരെ അനുമതി നല്‍കി തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വഖഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയ ത്തിനു കീഴിലെ ഹജ്ജ് ഉംറ കാര്യ സമിതി അറിയിച്ചു.അംഗീകൃത ഏജന്‍സികള്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നാണ് ഇത്രയും പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. പതിനാലായിരത്തോളം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചിട്ടുള്ളത്. അവയില്‍ നാലായിരത്തോളം അപേക്ഷകള്‍ തക്കതാ യ കാരണങ്ങളാല്‍ തള്ളപ്പെട്ടു. മുമ്പ് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവര്‍, അപേക്ഷകളിലെ അപാകത വരുത്തിയവര്‍ എന്നിങ്ങനെയുള്ളവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.ബാക്കി വന്ന പത്തായിരം അപേക്ഷകളില്‍ നറുക്കെടുപ്പ് നടന്നു. സൗദി അധികൃതര്‍ അനുവദിച്ച ക്വാട്ട അനുസരിച്ച് 800 സ്വദേശികളും 400 വിദേശികളും ഉള്‍പ്പെടെ 1200 പേര്‍ക്ക് മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിരവ്വഹിക്കാന്‍ സാധിക്കൂ എന്നതാണ് ശരിയായ കണക്ക്. ക്വാട്ടയുടെ എണ്ണം സംബന്ധിച്ച് പ്രചരിക്കുന്ന മറിച്ചുള്ള വാര്‍ത്തകളെ ഹജ്ജ് ഉംറ കാര്യ സമിതി തിരുത്തി.