കോള്‍മേഖലയില്‍ കയറാതെയുള്ള ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കണം

Posted on: August 28, 2013 12:47 am | Last updated: August 28, 2013 at 12:47 am
SHARE

കോഴിക്കോട്- തൃശൂര്‍ പാതകളെ സമാന്തരമായി ബന്ധിപ്പിക്കണമെന്ന റെയില്‍വേയുടെ പദ്ധതിക്ക് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ഇതിന് വേണ്ടി മൂന്ന് പാതകള്‍ക്കാണ് റെയില്‍വേ അധികൃതര്‍ ശ്രമം നടത്തിയത്. കുറ്റിപ്പുറം- ഗുരുവായൂര്‍, താനൂര്‍- ഗുരുവായൂര്‍, തിരുന്നാവായ-ഗുരുവായൂര്‍ എന്നീപാതകള്‍ക്ക് വേണ്ടിയുള്ള സര്‍വേകളാണ് ഈ കാലയളവുകളിലായി നടന്നത്.
നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുറ്റിപ്പുറം – ഗുരുവായൂര്‍ പാതക്ക് വേണ്ടി ആദ്യമായി സര്‍വേ നടത്തിയത്. ഇതിന് വേണ്ടിയുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റെയില്‍വേയുടെ പിക്ക് ബുക്കില്‍ കുറ്റിപ്പുറം-ഗുരുവായൂര്‍ പാതയുടെ പേര് സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു.
പിക്ക്ബുക്കില്‍ സ്ഥാനം പിടിച്ച പദ്ധതികള്‍ ഉപേക്ഷിക്കുന്നത് റയില്‍വേ ചരിത്രത്തില്‍ വളരെ വിരളമാണ്. ഈപാതക്ക് വേണ്ടി അന്ന് ബജറ്റില്‍ തുക അനുവദിക്കുകയും റെയില്‍വേ കടന്ന് പോകുന്ന ഭാഗങ്ങളില്‍ ഭൂമികള്‍ ബി ക്ലാസായി രേഖപ്പെടുത്തുകയും റെയില്‍വേ സ്റ്റേഷനുകള്‍ക്ക് വരെ സ്ഥലം നിശ്ചയിക്കുകയും ചെയ്തിരുന്നു. കാര്യമായ നാശനഷ്ടങ്ങളും തീരെ എതിര്‍പ്പുകളുമില്ലാത്ത കുറ്റിപ്പുറം- ഗുരുവായൂര്‍ പാതയെ ഉപേക്ഷിച്ച് കൊണ്ടാണ് പിന്നീട് താനൂര്‍- ഗുരുവായൂര്‍ പാതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. തീരദേശ പ്രദേശങ്ങളോട് വളരെ അടുത്തായി കടന്ന് പോകുന്ന ഈ പാതക്കെതിരെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്നും രൂക്ഷമായ ജനകീയ പ്രക്ഷോഭങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് പിന്നീട് ഈപാതയും ഉപേക്ഷിച്ചത്.
അവസാനമായി വന്ന തിരുന്നാവായ- ഗുരുവായൂര്‍ പാതക്കെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്. കുടിയൊഴിപ്പിക്കലിനുപരിയായി കോള്‍മേഖലയിലൂടെ കൊണ്ട് പോകാനുള്ള ചില പ്രത്യേക താത്പര്യങ്ങളെ തുടര്‍ന്നാണ് പാതക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. നേരത്തെ ഉപഗ്രഹ സര്‍വേ പ്രകാരം എടപ്പാളിലൂടെയായിരുന്ന പാത കടന്ന് പോയിരുന്നത്. എന്നാല്‍ ശക്തമായ ഇടപെടലുകളുണ്ടായതിനെ തുടര്‍ന്നാണ് പാതയെ എടപ്പാളില്‍ നിന്നും വഴിതിരിച്ചു വിട്ടിരിക്കുന്നത്. ഭൂമാഫിയകളും സ്വകാര്യ ബസ് മുതലാളിമാരും എടപ്പാള്‍ വഴിയുള്ള പാതക്കെതിരെ ശക്തമായി രംഗത്തെത്തുകയും കരുക്കള്‍ നീക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കര്‍ഷകരുടെ ആരോപണം. ഇപ്പോള്‍ നിര്‍ദേശിച്ച പ്രകാരം കോള്‍മേഖലയിലൂടെ പാത കൊണ്ടുപോയാല്‍ ഒരു കാര്‍ഷിക സംസ്‌കാരത്തിന്റെയും ജൈവ മേഖലയുടെയും തകര്‍ച്ചയിലായിരിക്കും പരിസമാപ്തി കുറിക്കുക. കേള്‍മേഖലയിലൂടെ റയില്‍വേ കൊണ്ട്‌പോകുന്നതിന് മറ്റു പ്രദേശങ്ങളേക്കാള്‍ ഭീമമായ തുക ചിലവഴിക്കേണ്ടി വരും. ഇതിന് വേണ്ടിവരുന്ന തുകയുടെ ചെറിയൊരു ഭാഗം ചിലവഴിച്ചാല്‍ തന്നെ സമാനമായ പല ബദല്‍ മാര്‍ഗങ്ങളും അധികൃതര്‍ക്ക് സ്വീകരിക്കാവുന്നതാണ്. തിരുന്നാവായ- ഗുരുവായൂര്‍ പാത നിലവില്‍ വന്നാല്‍ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ട്രെയിനുകള്‍ക്ക് ലഭിക്കുന്നത് 45 മിനിട്ടിന്റെ സമയ ലാഭമാണ് ലഭിക്കുന്നത്. നിലവില്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വഴിയുള്ള പാത നവീകരിച്ചാല്‍ തന്നെ ട്രെയിനുകള്‍ക്ക് കുറച്ച്കൂടി സമയം മെച്ചപ്പെടുത്തുവാന്‍ കഴിയും ഭൂമി ഏറ്റെടുക്കലോ മറ്റു തടസങ്ങളോ ഈ പ്രവര്‍ത്തികളെ ഒരു തരത്തിലും ബാധിക്കില്ല. അല്ലെങ്കില്‍ ഒരിക്കല്‍ ഉപേക്ഷിച്ച കുറ്റിപ്പുറം-ഗുരുവായൂര്‍ പാതയെ കുറിച്ച് വീണ്ടും പുനരാലോചിക്കാം. ഈപാതക്ക് കാര്യമായ എതിര്‍പ്പുകളില്ലെന്ന് മാത്രമല്ല പാത ഈമേഖലയിലൂടെ യാഥാര്‍ത്യമാകണമെന്ന് ആവശ്യമുന്നയിക്കുന്നവരാണ് ഈപ്രദേശത്തെ ജനങ്ങള്‍. ഇതുമല്ലെങ്കില്‍ തിരുന്നാവായയില്‍ നിന്നും നേരത്തെ സര്‍വേ നടത്തിയത് പ്രകാരം എടപ്പാള്‍ വഴി തന്നെ കോള്‍മേഖലയെ ബാധിക്കാത്ത വിധത്തില്‍ പാത കൊണ്ടുപോകണം.
ജനവാസ മേഖലയും ഗതാഗത ക്കുരുക്കും ചൂണ്ടിക്കാണിച്ചാണ് നേരത്തെ എടപ്പാള്‍ വഴിയുള്ള പാതക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ ജനവാസ മേഖല എന്ന പ്രശ്‌നം ഏത് മേഖലയിലൂടെ നടപ്പിലാക്കിയാലും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ്. രണ്ടാമതായുള്ള ഗതാഗത പ്രശ്‌നം ഇതിനായി എടപ്പാള്‍ പൊന്നാനി റോഡില്‍ മേല്‍പ്പാലം നിര്‍മിക്കുകയും ചെയ്താല്‍ ഈ പ്രശ്‌നത്തിനും പരിഹാരം കാണാം. ഇത്തരത്തിലുള്ള അനുയോജ്യ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ കോള്‍മേഖലയിലൂടെ പാത അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കായിരിക്കും അത് കാരണമാകുക.
പ്രദേശത്തെ ജന പ്രതിനിധികളും ഭരണകൂടവും കൃഷി-പരിസ്ഥിതി വകുപ്പുകളും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും നെല്‍കൃഷിയും ജൈവ സമ്പത്തും നിറഞ്ഞ കോള്‍മേഖലയുടെ പ്രധാന്യം കണക്കിലെടുത്ത് ഇവയെ സംരക്ഷിക്കുവാന്‍ വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമാണ് മേഖലയിലെ കര്‍ഷകര്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും ആവശ്യപ്പെടാനുള്ളത്.
(അവസാനിച്ചു)