Connect with us

Malappuram

ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കേരളത്തിലെ മുഴുവന്‍ ത്രിതല പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിക്കുന്നു.
പദ്ധതി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തി. സംസ്ഥാന തലത്തില്‍ അംഗീകാരമാക്കുന്നതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിന് അത് അഭിമാന നിമിഷമാകും. ജില്ലാ പഞ്ചായത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പൊന്‍ തൂവല്‍ ചാര്‍ത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി സര്‍ക്കാര്‍ കിലയെ (കേരള ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) ചുമതലപ്പെടുത്തിയീട്ടുണ്ട്.
കിലയുടെ ആഭിമുഖ്യത്തില്‍ അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ത്രിതല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍മാര്‍ക്കും പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും. കഴിഞ്ഞ വര്‍ഷത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണനയര്‍ക്കുന്ന കുട്ടികള്‍ക്കാള്‍ക്കായി 26 ലക്ഷം രൂപ ചിലവില്‍ പ്രതീക്ഷ പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ കോഴിക്കോട് ഇംഹാന്‍സിന്റെ സഹകരണത്തോടെ മലപ്പുറം, കോഴിച്ചെന, എടപ്പാള്‍, എടവണ്ണ എന്നിവിടങ്ങളില്‍ പ്രതീക്ഷാലയങ്ങളില്‍ തുടങ്ങി. ഇതുവഴി നിരവധി കുട്ടികള്‍ക്ക് ആശ്വാസം നല്‍കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു.
പദ്ധതിയുടെ ഭാഗമായി 25 പഞ്ചായത്തുകളില്‍ പ്രതീക്ഷ ഡേ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു. ഈ പഞ്ചായത്തുകളില്‍ സമീപത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളുമായിട്ടാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ എടക്കര, കാവനൂര്‍ പഞ്ചായത്തുകളാണ് മികച്ച രീതിയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. ഡേ കെയറുകളില്‍ വിദഗ്ധരായ അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനം നല്‍കുന്നതിനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. രക്ഷിതാകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നത് വഴി കുട്ടികളെ വീട്ടില്‍ സഹായിക്കാന്‍ ഇത് സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാ മമ്പാട് പറഞ്ഞു.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായി ഇറാന്‍ ജയിലില്‍ കഴിയുന്ന മലയാളി മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരപ്പനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കോയ, താനൂര്‍ സ്വദേശികളായ കെ പി കോയ, സി പി മുഹമ്മദ് ഖാസി എന്നിവരെയാണ് കഴിഞ്ഞ ഡിസംബര്‍ ആറിന് സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മോചനത്തിനായി 3,40,000 രൂപയാണ് ആവശ്യപ്പെടുന്നത്. ഈ തുക നല്‍കാന്‍ ഇവരുടെ കുടുംബത്തിന് വകയില്ലാത്തതിനാല്‍ കഴിഞ്ഞ ഒമ്പത് മാസമായി മത്സ്യ തൊഴിലാളികള്‍ ജയിലില്‍ കഴിയുകയാണ്. ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന റോഡുകള്‍ക്ക് സൈന്‍ ബോര്‍ഡുകള്‍ വെക്കാന്‍ യോഗത്തില്‍ പ്രസിഡന്റ് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സോളാര്‍ ഘടിപ്പിക്കുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എടരിക്കോട് പുതുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്താന്‍ യോഗം നിശ്ചയിച്ചു. ബാക്കി വരുന്ന സ്‌കൂളുകളില്‍ പദ്ധതി സര്‍വെ നടപടികള്‍ അവസാന ഘട്ടത്തിലാണ്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാ മമ്പാട്. സ്റ്റാന്‍ിംഗ് ചെയര്‍മാന്‍മാരായ വി സുധാകരന്‍, കെ പി ജല്‍സീമിയ, സെക്കീന പുല്‍പ്പാടന്‍, ടി വനജ ടീച്ചര്‍ പങ്കെടുത്തു.

Latest