Connect with us

Kannur

കേരളോത്സവം നവംബര്‍ ആദ്യവാരം ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ പഠനവീടുകള്‍ തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: പട്ടികജാതി വിഭാഗത്തിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ കൂടി പഠനവീട് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പയ്യന്നൂര്‍, ഇരിക്കൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, തലശ്ശേരി ബ്ലോക്കുകളിലായാണ് 27 കേന്ദ്രങ്ങളില്‍ പഠനവീടുകള്‍ തുടങ്ങുക. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌കൂള്‍ പഠനസമയത്തിന് ശേഷം അവര്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പഠനവീട് പദ്ധതി പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഓരോ പഠനവീട്ടിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേക പ്രത്യേക പരിശീലകരെയും ഏര്‍പ്പെടുത്തും. ജില്ലയില്‍ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി പഠനവീടുകള്‍ ആരംഭിക്കണമെന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗ തീരുമാനത്തിനാണ് ജില്ലാ പഞ്ചായത്ത് യോഗം ഇന്നലെ അംഗീകാരം നല്‍കിയത്. പയ്യന്നൂര്‍ ബ്ലോക്കില്‍ തുരുത്തുമ്മല്‍, പരുത്തിക്കാട്, ഏച്ചിലാംപാറ, വടക്കാംപൊയില്‍, ചൂരല്‍, എടാട്ട് വള്ളുവ കോളനി, മേനോന്‍ കുന്ന്, തട്ടുമ്മല്‍, കാഞ്ഞിരംപൊയില്‍ എന്നിവിടങ്ങളിലും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പുല്ലൂപ്പി, അയ്യങ്കാളി, കുണ്ടായിട്ടുമ്മല്‍, വെള്ളച്ചാല്‍, മൂലക്കീല്‍, പരുത്തിവളപ്പ്, കുട്ടക്കുളം എന്നിവിടങ്ങളിലും പുതിയ പഠന വീടുകള്‍ തുടങ്ങും. ഇരിക്കൂറില്‍ കിളിയന്തറ, കോളിക്കടവ്, തളിപ്പറമ്പില്‍ ഏഴുംവയല്‍, നെല്ലിപ്പറമ്പ് തുടങ്ങി എട്ട് കേന്ദ്രങ്ങളിലും തലശ്ശേരിയില്‍ അംബേദ്കര്‍ കോളനിയിലുമാണ് പഠനവീടുകള്‍ ആരംഭിക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചികിത്സക്കായി ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ എത്തിക്കുന്ന തടവുകാരില്‍ നിന്നും ഒ പി ടിക്കറ്റിനത്തില്‍ രണ്ട് രൂപ ഈടാക്കുന്നത് ഒഴിവാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കുന്ന ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗ തീരുമാനത്തിനും ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. കാര്‍ഷിക യന്ത്രവത്കരണ പദ്ധതി പ്രകാരം വിതരണം ചെയ്ത യന്ത്രങ്ങള്‍ വളരെ കുറച്ച് പാടശേഖര സമിതികള്‍ മാത്രമാണുപയോഗിച്ചതെന്ന കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നിര്‍ദേശം യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ യന്ത്രങ്ങള്‍ കൈപ്പറ്റിയ പാടശേഖ സമിതികളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കാന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയ കാര്യം വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ പി സുജാത ജില്ലാ പഞ്ചായത്ത് യോഗത്തെ അറിയിച്ചു.
വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഒ രതി, പി റോസ, കെ നാരായണന്‍ എന്നിവരും സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ കേരളോത്സവം നവംബര്‍ ആദ്യവാരം നടക്കുമെന്ന് പ്രസിഡന്റ് പ്രൊഫ. കെ എ സരള അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള ആലോചനയോഗം ഈ മാസം 31ന് നടക്കുമെന്നും അവര്‍ അറിയിച്ചു. അംഗങ്ങളായ പി പി മഹമൂദ്, എം വി രാജീവന്‍, ഡെയ്‌സി മാണി, കെ വി ഫിലോമിന, എം കുഞ്ഞിരാമന്‍, അഡ്വ. കെ ജെ ജോസഫ് എന്നിവരും പ്രസംഗിച്ചു.

 

Latest