ജോര്‍ദാന്‍ ഇസ്‌ലാമിക് യൂ. സിറ്റിയുമായി മര്‍കസ് ധാരണാപത്രം ഒപ്പിട്ടു

Posted on: August 28, 2013 12:00 am | Last updated: August 28, 2013 at 12:29 am
SHARE
FROM MARKAZ M O U 2
വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ യുനിവേഴ്‌സിറ്റിയുമായുള്ള ധാരണാപത്രം യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. അബ്ദുന്നാസര്‍ അബുല്‍ ബസ്വയും ജാമിഅ മര്‍കസ് ചാന്‍സലര്‍ ശൈഖ് അബൂബക്കര്‍ അഹ്മദ് കാന്തപുരവും കൈമാറുന്നു

അമ്മാന്‍: വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണത്തിന് ജോര്‍ദാനിലെ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ യുനിവേഴ്‌സിറ്റിയുമായി മര്‍കസ് ധാരണാപത്രം ഒപ്പ് വെച്ചു. അമ്മാനില്‍ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ യുനിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. അബ്ദുന്നാസര്‍ അബുല്‍ ബസ്വയും ജാമിഅ മര്‍കസ് ചാന്‍സലര്‍ ശൈഖ് അബൂബക്കര്‍ അഹ്മദ് കാന്തപുരവും തമ്മില്‍ ധാരണാപത്രം കൈമാറി.

ഇരു സ്ഥാപനങ്ങളിലെയും ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനും ഭാഷാ പഠനത്തിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള വൈജ്ഞാനിക വിനിമയവും വിവിധ വിഷയങ്ങളില്‍ സംയുക്ത സെമിനാറുകളും മറ്റും പദ്ധതിയുടെ ഭാഗമാണ്. ഇരു സ്ഥാപനങ്ങളിലെയും ഫാക്കല്‍റ്റി അംഗങ്ങളെ ഹ്രസ്വ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരസ്പരം ഉപയോഗപ്പെടുത്തും. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, നിയമം, ഐ ടി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ സിലബസ് സംബന്ധമായ സഹകരണവും കരാറിലുണ്ട്.
മര്‍കസ് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഈ സഹകരണം ഏറെ പ്രയോജനപ്പെടുമെന്നും അധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഭാഷയും വിദഗ്ധ പരിശീലനവും മര്‍കസ് വിഭാവനം ചെയ്യുന്ന സാംസ്‌കാരിക വിനിമയത്തിന് മുതല്‍ക്കൂട്ടാകുമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി പറഞ്ഞു. മര്‍കസ് ശരീഅ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിച്ചു.