പ്രവാസികള്‍ക്കായി കുടിയേറ്റ നിയമം നിര്‍മിക്കണം: പിണറായി

Posted on: August 28, 2013 12:23 am | Last updated: August 28, 2013 at 12:23 am
SHARE

ആലപ്പുഴ: കേരളത്തിന്റെ ഇന്നത്തെ പച്ചപ്പിന് കാരണക്കാരായ പ്രവാസികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ ഫലപ്രദമായ കുടിയേറ്റ നിയമം നിര്‍മിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അബൂദബി ശക്തി- തായാട്ട്- ടി കെ രാമകൃഷ്ണന്‍ പുരസ്‌കാര വിതരണ ചടങ്ങ് ചെങ്ങന്നൂര്‍ മോടിയുഴത്തില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയെ ആട്ടിന്‍കൂട്ടില്‍ തള്ളിയ മക്കളുടെ ക്രൂരതയാണ് സര്‍ക്കാര്‍ പ്രവാസികളോട് കാട്ടുന്നത്. തെറ്റായ കാര്യത്തിനാണെങ്കില്‍പോലും സ്വന്തം പൗരന്മാരായ നാവികരുടെ കാര്യത്തില്‍ ഇറ്റലി സര്‍ക്കാര്‍ എങ്ങനെ ഇടപെട്ടുവെന്ന് നമ്മള്‍ കണ്ടതാണ്.

എന്നാല്‍ വര്‍ഷം 7.5 ലക്ഷം കോടി രൂപ ഇന്ത്യക്ക് തരുന്ന വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന് പോലും ഭരണാധികാരികള്‍ക്ക് തോന്നിയിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. എയര്‍ ഇന്ത്യ പോലും പ്രവാസികളെ കൊള്ളയടിക്കുകയാണ്. കൂടുതല്‍ ദൂരത്തുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ പണം ഗള്‍ഫില്‍ പോകാന്‍ കൊടുക്കണം. കൂടുതല്‍ പേര്‍ ഒന്നിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഘട്ടത്തില്‍ ഈ കൊള്ള കൂടുതല്‍ രൂക്ഷമാക്കും. വിമാനത്തില്‍ കൊണ്ടുവരാവുന്ന ചരക്കിന്റെ അളവ് 40ല്‍ നിന്ന് 20 കിലോയാക്കി കുറച്ചു. ഇവരുടെ ജോലി സംബന്ധിച്ച പ്രശ്‌നത്തിലും ഇന്ത്യന്‍ എംബസികളും സര്‍ക്കാരും തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. തൊഴില്‍ പ്രശ്‌നങ്ങള്‍ അറിഞ്ഞഭാവം കാട്ടുന്നില്ല. സംഘടനകള്‍ ഇടപെട്ടാലും അവരെയും അകറ്റിനിര്‍ത്തുന്നു. വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരന്റെ മൃതദേഹം പോലും നാട്ടില്‍ എത്തിക്കാന്‍ ഇന്ന് ഏറെ തടസ്സങ്ങളുണ്ട്.. പ്രവാസിയുടെ ജോലി, കൂലി, വ്യവസ്ഥ എന്നിവ സംബന്ധിച്ച് അറിയാന്‍ എംബസി ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.