റെയ്ഡിനെത്തിയ എസ് ഐയേയും പോലീസുകാരനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു

Posted on: August 28, 2013 12:18 am | Last updated: August 28, 2013 at 12:18 am
SHARE

മാന്നാര്‍: അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡിനെതത്തിയ എസ് ഐയേയും സിവില്‍ പോലീസ് ഓഫീസറെയും സ്പിരിറ്റ് മാഫിയാ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. മാന്നാര്‍ എസ് ഐ എസ് ശ്രീകുമാര്‍(35), സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപന്‍(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ് ഐക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം അറ്റ്‌പോയ കൈവിരല്‍ തുന്നി ചേര്‍ക്കുന്നതിനായി കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ബുധനൂര്‍ നിലവറശേരില്‍ രാജന്റെ വീട്ടില്‍ സ്പിരിറ്റ് വില്‍പ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ് ഐ യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ്എത്തിയത്.
ജീപ്പില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ തന്നെ രാജന്റെ നേതൃത്വത്തില്‍ നാല് പേര്‍ വടിവാളുകളുമായി പോലീസുകാരെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പോലീസുകാര്‍ പകച്ച് പോയി. വടിവാളുപയോഗിച്ച് വെട്ടുന്നത് തടയുന്നതിനിടയിലാണ് എസ് ഐയുടെ കൈപ്പത്തിക്ക് വെട്ടേറ്റത്.
ഒപ്പമുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപന് കാലിനും കൈക്കുമാണ് വെട്ടേറ്റത്. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കൊലപാതകം, അബ്കാരി, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജനെന്ന് പോലീസ് പറഞ്ഞു. മുമ്പ് ചാരായ റെയ്ഡിന് എത്തിയ എക്‌സൈസ് സംഘത്തെ വെട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്. കൂടുതല്‍ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് വടിവാളുകള്‍, നഞ്ചക്ക് എന്നീ ആയുധങ്ങള്‍ പിടിച്ചെടുത്തു. ചെങ്ങന്നൂര്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ പ്രതികള്‍ക്ക് വേണ്ടി ശക്തമായ തിരച്ചില്‍ നടത്തി വരുകയാണ്.