Connect with us

Ongoing News

വില വര്‍ധന: നാളെ മുതല്‍ കോഴിവില്‍പ്പന നിര്‍ത്തിവെക്കും

Published

|

Last Updated

തൃശൂര്‍: കോഴിക്ക് സര്‍ക്കാര്‍ വില അമിതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് നാളെ അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് കേരളത്തില്‍ കോഴി വില്‍പ്പന നിര്‍ത്തിവെക്കാന്‍ തീരുമാനം.
പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി, ആള്‍ കേരള ചിക്കന്‍ മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്‍സീസ് അസോസിയേഷന്‍, ആള്‍ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷന്‍, ആള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
കര്‍ഷകരേയും കച്ചവടക്കാരേയും തകര്‍ച്ചയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയുള്ള അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് കച്ചവടം നിര്‍ത്തിവെക്കുന്നത്.
കോഴിയുടെ അടിസ്ഥാന വില 70ല്‍ നിന്ന് 95 രൂപയായും കോഴിക്കുഞ്ഞുങ്ങളുടെ വില 25 ല്‍ നിന്ന് 35 ആയും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഒരു കോഴിക്ക് 28 രൂപയും കോഴിക്കുഞ്ഞിന് 12 രൂപയും വില വര്‍ധിക്കും.
ഈ വര്‍ധന ഓണമടക്കമുള്ള ആഘോഷ വേളകളില്‍ ജനങ്ങളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. മറ്റൊരു സംസ്ഥാനത്തും കോഴിക്ക് വില്‍പ്പന നികുതിയില്ലെന്നിരിക്കെ കേരളത്തില്‍ 14.5 ശതമാനം ആഡംബര നികുതിയാണ് ചുമത്തുന്നത്.

Latest