സഊദി കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നു

Posted on: August 28, 2013 12:15 am | Last updated: August 28, 2013 at 12:15 am
SHARE

റിയാദ് /ദുബൈ: വൈദ്യുതി ഉത്പാദനത്തിനായി16 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ സഊദി അറേബ്യ തീരുമാനിച്ചു. 2030 ഓടെ ഇവ പ്രവര്‍ത്തനസജ്ജമാകും. പതിനായിരം കോടി യു എസ് ഡോളര്‍ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 22 ജിഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് സഊദി ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് ആണവ പദ്ധതികളാണ് ആദ്യം സ്ഥാപിക്കുക. ഇപ്പോള്‍ ആവശ്യമായ വൈദ്യുതിയുടെ പകുതിയും ഇതിലൂടെ കണ്ടെത്താനാകും. 10 വര്‍ഷത്തിനകം ഈ പദ്ധതികള്‍ പൂര്‍ത്തിയാകും. അബ്ദുല്ല രാജാവിന്റെ സയിന്റിഫിക് കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഗാനി ബിന്‍ മലബാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത പത്ത് വര്‍ഷത്തിനകം രാജ്യത്തെ വൈദ്യുതി ഉപഭോഗം എട്ട് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിക്കുമെന്നാണ് കണക്ക്ക്കൂട്ടല്‍. ഇത് മറികടക്കാനാണ് ദീര്‍ഘവീക്ഷണത്തോടെ സഊദി ആണവ പദ്ധതികള്‍ നടപ്പാക്കുന്നത്. പരമാവധി ചെലവ് കുറച്ചാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുക. ഫ്രാന്‍സ്, റഷ്യ, ഉത്തര കൊറിയ, ജപ്പാന്‍ രാജ്യങ്ങളുടെ സാങ്കേതിക വിവരങ്ങളാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉപയോഗപ്പെടുത്തുക. പത്ത് വര്‍ഷം കൊണ്ട് വലിയ രണ്ട് റിയാക്ടറുകളും തുടര്‍ന്ന് ഓരോ വര്‍ഷവും രണ്ട് റിയാക്ടറുകള്‍ വീതവുമാണ് സ്ഥാപിക്കുകയെന്ന് മലബാരി പറഞ്ഞു. എല്ലാ പദ്ധതികളും 2030 ല്‍ പൂര്‍ത്തിയാകും. റിയാക്ടര്‍ ഒന്നിന് 700 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.